Politics

കാർഷിക രംഗം കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്നു: പിബി

ന്യൂഡൽഹി
കോവിഡ് ആശങ്കകൾ ദുരുപയോഗപ്പെടുത്തി വെട്ടിച്ചുരുക്കിയ സമ്മേളനത്തിലും ലോക്ഡൗൺകാലത്ത് ഇറക്കിയ 11 ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ പാസാക്കാനാണ് സർക്കാരിന്റെ വ്യഗ്രതയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോചൂണ്ടിക്കാട്ടി.

ഇന്ത്യൻ കാർഷികരംഗത്തെയും ഉൽപ്പന്നങ്ങളെയും വിപണിയെയും ആഭ്യന്തര, വിദേശ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുകയാണ്. കോർപറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാനും കർഷകരെയും സാധാരണക്കാരെയും ദുരിതത്തിലാഴ്ത്താനും വഴിയൊരുക്കുന്നതാണ് ഈ നിയമങ്ങൾ. മിനിമം താങ്ങുവില നിരോധിക്കുമെന്ന സ്ഥിതിയാണ്. പരിമിതമായ തോതിലാണ് നടപ്പാക്കുന്നതെങ്കിലും കർഷകർക്ക് വരുമാനം ഉറപ്പാക്കുന്നതിൽ താങ്ങുവില കുറെയൊക്കെ സഹായിച്ചിരുന്നു. അവശ്യവസ്തുനിയമം ഭേദഗതി ചെയ്യുന്നതോടെ വൻതോതിൽ പൂഴ്ത്തിവയ്പിന് സാഹചര്യം ഒരുങ്ങും. സാധനങ്ങൾക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കപ്പെടാനും വിലക്കയറ്റത്തിനും ഇത് കാരണമാകും.

കൃഷിയിടങ്ങൾ ഒന്നിച്ചുചേർക്കാനുള്ള നിർദേശം കരാർകൃഷി നിയമപരമാക്കുന്നതും കാർഷികബിസിനസുകാരെ സഹായിക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നതുമാണ്.കൃഷി സമവർത്തി പട്ടികയിലുള്ള വിഷയമാണ്. സംസ്ഥാനസർക്കാരുകളെ മറികടന്ന് കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് ഫെഡറലിസത്തെ അട്ടിമറിക്കുന്നതാണ്. രാജ്യത്തിന്റെയും കർഷകരുടെയും താൽപ്പര്യങ്ങൾ മാനിച്ച് സർക്കാർ ഈ ബില്ലുകൾ പിൻവലിക്കണം. കർഷകസംഘടനകൾ 25ന് നടത്തുന്ന അഖിലേന്ത്യാ പ്രതിഷേധത്തിന് പാർടി പൂർണപിന്തുണ പ്രഖ്യാപിച്ചു.