കുവൈറ്റ് സിറ്റി > കുവൈറ്റിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിന് ആയിരക്കണക്കിനു വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്യുന്നു. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നവർക്ക് കനത്ത പിഴയാണ് ഇനിമുതൽ ലഭിക്കുക. കാലാവധി കഴിയാത്ത പഴയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിനും ഇനി മുതൽ നിയന്ത്രണമുണ്ടാകും.
പഴയ ലൈസൻസ് കൈവശമുള്ളവർ അവ മാറ്റി പുതിയ ലൈസൻസ് എടുക്കണം. താമസ വിസ പുതുക്കുന്നവർ കൈവശമുള്ള പഴയ ലൈസൻസ് തിരികെ നൽകിയില്ലെങ്കിൽ വിസ പുതുക്കുന്നതിനും പ്രയാസം നേരിടും. പുതുക്കാത്ത ലൈസൻസുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് നിലവിൽ 5 കുവൈറ്റി ദിനാറാണ് പിഴ. എന്നാൽ ഇനി മുതൽ അത് നാടുകടത്താവുന്ന കുറ്റമായാണ് പരിഗണിക്കുക.
വിദേശികളായ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് 20,000 ത്തോളം ലൈസൻസുകളാണ് നിലവിൽ വിതരണം ചെയ്തിട്ടുള്ളത്. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മിക്കവരും അവരുടെ ലൈസൻസ് അധികാരികളെ തിരികെ ഏല്പിച്ചിട്ടില്ല. അതിനാൽ ഇത്തരക്കാരുടെ ലൈസൻസ് വീണ്ടും പുതുക്കാതിരിക്കാൻ ട്രാഫിക് ഡിപ്പാർട്മെന്റ് അവ ബ്ലോക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വിദേശികൾ അവരുടെ പ്രൊഫഷൻ മാറുന്ന മുറയ്ക്ക് പഴയ ലൈസൻസ് തിരിച്ചേല്പിക്കണം. നാല്പത്തിനായിരത്തോളം വരുന്ന വിദേശികൾക്കാണ് ഇപ്പോൾ ലൈസൻസ് വിതരണം ചെയ്തിട്ടുള്ളത്. പുതിയ ട്രാഫിക് മാനദണ്ഡങ്ങൾ പ്രകാരം പ്രൊഫഷൻ മാറുന്ന മുറയ്ക്ക് പലർക്കും ലൈസൻസ് ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇത് വിദേശികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.
Add Comment