ന്യൂഡൽഹി
കർഷകദ്രോഹ ബില്ലുകൾക്കെതിരായി അസാധാരണമാംവിധം പ്രതിപക്ഷ ഐക്യം രൂപപ്പെട്ടതായി സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീമും സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഇത് ശുഭകരമാണ്.
ഭരണഘടനയുടെ 111–- -ാം വകുപ്പനുസരിച്ച് ഏതു ബില്ലും രാഷ്ട്രപതിക്ക് തിരിച്ചയക്കാം. കാർഷിക ബില്ലിൽ ഈ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ട്. സർക്കാരിന്റെ കർഷകദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് 14 കക്ഷികളാണ് യോജിപ്പോടെ പാർലമെന്റ് ബഹിഷ്കരിച്ചത്. തർക്കമുണ്ടായപ്പോൾ കക്ഷിനേതാക്കളുമായി കൂടിയാലോചിക്കാൻപോലും പാർലമെന്ററിവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർ തയ്യാറായില്ല.
ചട്ടങ്ങളും കീഴ്വഴക്കങ്ങളുമെല്ലാം കാറ്റിൽ പറത്തി ഉപാധ്യക്ഷന്റെ സഹായത്തോടെ ബില്ലുകൾ പാസാക്കി. ഒരു അംഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ അതനുവദിക്കണം. നിരാകരണ പ്രമേയം, സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം, ബില്ലുകൾ പാസാക്കൽ–- ഈ മൂന്ന് ഘട്ടത്തിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. നിരാകരണ പ്രമേയവും സെലക്ട് കമ്മിറ്റി പ്രമേയവും തള്ളിയതോടെയാണ് നിർവാഹമില്ലാതെ നടുത്തളത്തിലിറങ്ങിയത് –- എംപിമാർ പറഞ്ഞു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനെ താൻ അനുകൂലിച്ചെന്ന മനോരമ വാർത്ത അടിസ്ഥാനരഹിതമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Add Comment