Politics

എഎൻഐയുടെ ആ ‘ കർഷകൻ’ വ്യാജൻ ; കർഷക വേഷത്തിലെത്തിയത്‌ ജീവനക്കാരൻ

ന്യൂഡൽഹി>കർഷക വിരുദ്ധ ബില്ലിനെ പുകഴ്ത്തി വാർത്താ ഏജൻസിയായ എഎൻഐയിൽ പ്രത്യക്ഷപ്പെട്ട കർഷകൻ വ്യാജൻ. 2016ൽ നോട്ട്നിരോധത്തെ പ്രശംസിക്കുന്ന യുവാവായി എഎൻഐ അവതരിപ്പിച്ച വ്യക്തിയാണ് കർഷക വേഷത്തിലെത്തിയതെന്ന് സമൂഹ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

കാർഷിക ബില്ലുകളെ സ്വാഗതം ചെയ്യുന്ന നാല് കർഷകരുടെ പ്രതികരണങ്ങൾഎഎൻഐ പുറത്തുവിട്ടിരുന്നു. ഇതിലൊരാൾ എഎൻഐയുടെ ജീവനക്കാരനായ ശശാങ്ക് ത്യാഗിയാണെന്നും നോട്ട് നിരോധത്തെ അനുകൂലിച്ചും ഇയാളാണ് എത്തിയതെന്നും നിരവധിപേർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ സാമൂഹ്യ മാധ്യമ കോ ‐ ഓർഡിനേറ്റർ വിനയ്കുമാർ ദൊക്കാനിയയും ആരോപണം ഉന്നയിച്ചു.
കാൺപൂരിലെ വിവിധ മേഖലയിലുള്ള നാല് കർഷകരുടെ പ്രതികരണം നൽകുന്നത് ഒരേ പാർക്കിലാണ്. ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്ന മാധ്യമമായി എഎൻഐ അധ: പതിച്ചുവെന്ന് ചിലർ ട്വീറ്റ് ചെയ്തു.