Kerala

‘കടമുറി കച്ചവടത്തിൽ ഇ ടിയുടെ മകൻ തട്ടിയത‌് 20 ലക്ഷം’ ; വെളിപ്പെടുത്തലുമായി പ്രവാസി

കോഴിക്കോട്> കോഴിക്കോട് നഗരത്തിൽ കടമുറി വിൽപ്പനയുടെ പേരിൽ ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ മകൻ 20 ലക്ഷം രൂപ തട്ടിയെടുത്തതായി നാദാപുരം വാണിമേൽ സ്വദേശി ചെന്നാട്ട് മുഹമ്മദ്. നൽകാനുള്ള പണം ചോദിച്ചപ്പോൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായും പ്രവാസിയായ മുഹമ്മദ് പറഞ്ഞു. വണ്ടിച്ചെക്ക് കേസ് നാദാപുരം കോടതിയുടെ പരിഗണനയിലാണ്. പ്രാദേശിക മുസ്ലിംലീഗ് നേതാക്കൾ മുഖേന ഇ ടി മുഹമ്മദ് ബഷീറിനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും മുഹമ്മദ് പറയുന്നു.

കോഴിക്കോട് ബാങ്ക് റോഡിലെ ഗൾഫ് ബസാറിലെ മുറികൾ വിൽപ്പന നടത്തിയാണ് ഇ ടിയുടെ മകൻ ഇ ടി ഫിറോസും സംഘവും പണം തട്ടിയത്. 2009ൽ മൂന്ന് മുറികൾ 30 ലക്ഷം രൂപ നിരക്കിൽ വിറ്റു. കുറച്ച് മാസങ്ങൾക്കുശേഷം മൂന്ന് മുറിയും തിരികെ വാങ്ങി. 1.17 കോടി രൂപ വിലയിട്ടാണ് കട തിരിച്ചെടുത്തത്. മൂന്ന് മുറികൾ മാത്രമായി ഒരാളുടെ കൈവശമായത് മറ്റുള്ളവയുടെ കച്ചവടത്തിന് തടസ്സമാണെന്ന് പറഞ്ഞാണ് തിരിച്ചു വാങ്ങിയത്. പല തവണയായി ഒരു കോടിക്കടുത്ത് നൽകി. ബാക്കി 20 ലക്ഷം രൂപ തിരികെ ലഭിക്കാൻ മുഹമ്മദ് പത്തുവർഷമായി ഫിറോസിന്റെ പിന്നാലെ നടക്കുകയാണ്.

കിട്ടില്ലെന്ന് കണ്ടതോടെയാണ് രണ്ടുകൊല്ലം മുമ്പ് നാദാപുരം കോടതിയിൽ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതിന് കേസ് നൽകിയത്. ദുബായിൽ ‘ഡീലക്സ് ലോൺട്രി’ എന്ന പേരിൽ ലോൺട്രി സർവീസ് നടത്തുകയാണ് മുഹമ്മദ്. വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മകന്റെ ബിസിനസ് കാര്യത്തിൽ ഇടപെടാറില്ലെന്നും ഇ ടി മുഹമ്മദ്ബഷീർ എംപി ‘ദേശാഭിമാനി’യോട് പറഞ്ഞു.