Pravasam

കേരളൈറ്റ്സ് മെഡിക്കല്‍ ഫോറം കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം: വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി> കുവൈറ്റിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ പൊതുകൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കല് ഫോറം കുവൈറ്റിന്റെ പ്രവര്ത്തനങ്ങള്ക്ക് ഔദ്യോഗിക തുടക്കമായി. സര്ക്കാര്- സ്വകാര്യ മേഖലയില് ജോലിചെയ്യുന്ന മലയാളികളായ നഴ്സുമാര്, പാരാ മെഡിക്കല് ജീവനക്കാര് തുടങ്ങിയവരുടെ കൂട്ടായ്മയ്ക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്.

കുവൈറ്റിലെ ആരോഗ്യ മേഖലയില് പ്രവര്ത്തിക്കുന്നവരുടെ പൊതുവായ കൂട്ടായ്മ രൂപപ്പെടുന്നതില് ഏറെ സന്തോഷമുണ്ടെന്നും ഇതില് ഭാഗമായ എല്ലാ ആരോഗ്യ പ്രവര്ത്തകര്ക്കാരെയും അഭിവാദ്യം ചെയ്യുന്നതായും വെര്ച്ചാല് പ്ലാറ്റഫോമില് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോര്ജ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില് അഡ്ഹോക് കമ്മറ്റി കണ്വീനര് ഗീത സുദര്ശന് അധ്യക്ഷയായിരുന്നു. നോര്ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്മാന് കെ വരദരാജന്, ഇന്ത്യന് മെഡിക്കല് ഫോം കുവൈറ്റ് പ്രസിഡന്റ് ഡോക്ടര് അമീര് അഹമ്മദ്, പ്രവാസി ക്ഷേമനിധി ബോര്ഡ് ഡയറക്ടര് എന്.അജിത്കുമാര്, കല കുവൈറ്റ് ജനറല് സെക്രട്ടറി സി കെ നൗഷാദ് കേരളൈറ്റ്സ് മെഡിക്കല് ഫോറം ഉപദേശക സമിതി അംഗം സജി തോമസ് മാത്യു എന്നിവര് ആശംസകള് അര്പ്പിച്ച് സംസാരിച്ചു.

സംഘടനയുടെ ലോഗോ രൂപകല്പന ചെയ്ത ശ്രീകുമാര് വല്ലനക്ക് ചടങ്ങില് ഉപഹാരം നല്കി. അഡ്ഹോക് കമ്മറ്റി ജോയിന്റ് കണ്വീനര് ലിസി വില്സണ് സ്വാഗതം ആശംസിച്ച ചടങ്ങില് ജനറല് സെക്രട്ടറി ബിന്സില് വര്ഗീസ് നന്ദി പറഞ്ഞു