Kerala

കേരള പക്ഷിഭൂപടം, ഏഷ്യക്കുമേൽ പറക്കും ; സർവേ പൂർത്തിയായി

തൃശൂർ
ഏഷ്യയിലാദ്യമായി കേരളത്തിൽ സമഗ്ര ജനകീയ പക്ഷി സർവേ പൂർത്തിയായി. ആയിരത്തിൽപ്പരം പക്ഷിനിരീക്ഷകർ അഞ്ചുവർഷം കൊണ്ടാണ് സർവേ നടത്തിയത്. സർവേ വിജയകരമായതിലുള്ള സന്തോഷത്തിലാണ് കേരള അറ്റ്ലസ് ടീമിലെ പക്ഷിനിരീക്ഷകർ. കേരളത്തിലെ 529 പക്ഷികളുടെയും പ്രത്യേകം ഭൂപടമുണ്ടാക്കും. മഞ്ഞക്കിളി, കുയിൽ എന്നിവയുടെ പൂർത്തിയായി. ക്രോഡീകരണത്തിനുശേഷം ഈ വർഷം കേരള പക്ഷിഭൂപടം പുറത്തിറക്കും. തുടർവർഷങ്ങളിൽ അതേസ്ഥലങ്ങളിൽ സർവേ നടത്തി ഏറ്റക്കുറച്ചിലുകൾ വിലയിരുത്തും. 2015ലാണ് സർവേ ആരംഭിച്ചത്. മഴക്കാലത്തും വേനൽക്കാലത്തുമായി രണ്ടു സീസണിലായി 600 ദിനം വിവര ശേഖരണം നടത്തിയത്. വനമേഖലയിലും സർവേ പൂർത്തിയാക്കി.

കേരളത്തെ 4384 ഇടങ്ങളാക്കി ചെറുസംഘങ്ങളായി തിരിഞ്ഞു. ഫോട്ടോ പകർത്തിയും ബൈനോക്കുലർ വഴിയും നിരീക്ഷിച്ചു. കാണുന്ന പക്ഷികളുടെ എണ്ണവും ഇനവും ഇ–-ബേർഡ് മൊബൈൽ ആപ്പിൽ രേഖപ്പെടുത്തി. പക്ഷിനിരീക്ഷകരോടൊപ്പം കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങിയവരും ജനകീയസർവേയിൽ അണിനിരന്നു.

കാർഷിക സർവകലാശാലയുടെയും ബേർഡ്സ് കൗണ്ട് ഇന്ത്യയുടെയും നേതൃത്വത്തിൽ നടത്തിയ സർവേയിൽ ഇരുപത്തിയഞ്ചോളം സംഘടനകളും സഹകരിച്ചു. 2015ൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ സർവേ പൂർത്തിയാക്കിയതായി കാർഷികസർവകലാശവോ വന്യജീവി വിഭാഗം മേധാവി ഡോ.പി ഒ നമീർ പറഞ്ഞു. ഇപ്പോൾ സംസ്ഥാനതലത്തിൽ പൂർത്തിയായി. ഏഷ്യയിലെവിടെയും സംസ്ഥാനതലത്തിൽ പക്ഷിഭൂപടമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂപടം വനംവകുപ്പുവഴി സർക്കാരിലേക്ക് കൈമാറും.

ഓരോ നിരീക്ഷകരും നിരീക്ഷിക്കുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ സഹായിക്കുന്ന കെഎംഎൽ ഫയൽ സംവിധാനം ഒരുക്കിയിരുന്നതായി ബേർഡ് കൗണ്ട് ഇന്ത്യ പ്രതിനിധി ജെ പ്രവീൺ പറഞ്ഞു. അതത് സ്ഥലങ്ങളിൽ കണ്ടുവരാറുള്ള പക്ഷികളുടെ പേരുകൾ ആപ്പിൽ തെളിയും. ഇതിൽ എണ്ണം മാത്രം രേഖപ്പെടുത്തിയാൽ മതി. ഭാവി തലമുറയ്ക്ക് ഈ ഭൂപടം പഠനസഹായിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.