Politics

കോൺഗ്രസിന്റെ എതിർപ്പ്‌ പേരിനുമാത്രം

ന്യൂഡൽഹി
കർഷകർക്കും സാധാരണക്കാർക്കും നേരെ മോഡിസർക്കാർ നടത്തുന്ന കടന്നാക്രമണങ്ങളെ പാർലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം ചെറുക്കുമ്പോൾ കോൺഗ്രസിന്റെ എതിർപ്പ് പേരിനുമാത്രം. ജനദ്രോഹനിയമനിർമാണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. കേരളത്തിൽനിന്നുള്ള യുഡിഎഫ് അംഗങ്ങൾ സംസ്ഥാനസർക്കാരിനെതിരെ വാർത്ത സൃഷ്ടിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ കാർഷികബില്ലുകൾക്കെതിരെ അതിശക്തമായ പ്രതിഷേധം അലയടിക്കുമ്പോഴും ലോക്സഭയിൽ ബില്ലിനെ കാര്യമായി എതിർക്കാൻ അവർ ശ്രമിച്ചില്ല. രാജ്യസഭയിൽ ഈ ബില്ലുകൾക്കെതിരെ ആദ്യം നിരാകരണപ്രമേയം നൽകിയത് ഇടതുപക്ഷ അംഗങ്ങളാണ്. തുടർന്ന്, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർടികളും. രാജ്യസഭയിൽ ബിൽ പാസാക്കുന്നത് തടയാനുള്ള പോരാട്ടം 40 അംഗങ്ങളുള്ള കോൺഗ്രസ് ഏറ്റെടുത്തില്ല. എല്ലാ പ്രതിപക്ഷകക്ഷികളും ബില്ലിനെതിരെ അതിശക്തമായി രംഗത്തുവന്നപ്പോൾ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേർന്നു. എന്നാൽ, കോൺഗ്രസിന്റെ മുതിർന്ന അംഗങ്ങൾ സംസാരിക്കാൻ തയ്യാറായില്ല.

ആദ്യഘട്ടത്തിൽ കോൺഗ്രസ് ഭേദഗതികൾപോലും നിർദേശിച്ചില്ല. കർഷകപ്രക്ഷോഭം വ്യാപകമായപ്പോൾ ചില ഭേദഗതികൾ നിർദേശിച്ചുവെങ്കിലും പ്രതിഷേധത്തിന്റെ നേതൃത്വം കൈയാളാൻ തയ്യാറായില്ല. ഹരിയാന, പഞ്ചാബ് മേഖലയിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾ മാത്രമാണ് പ്രതിഷേധത്തിൽ സജീവമായത്.

പാർലമെന്റിനു പുറത്തുള്ള പോരാട്ടത്തിലും കോൺഗ്രസ് നിലപാടെടുത്തില്ല. കർഷകസംഘടനകൾ ആഹ്വാനംചെയ്ത സെപ്തംബർ 25ന്റെ അഖിലേന്ത്യാ പ്രതിഷേധത്തിന് അഞ്ച് ഇടതുപാർടി അടക്കം വിവിധ രാഷ്ട്രീയപാർടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഇക്കാര്യത്തിലും മൗനത്തിലാണ്.

തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന ബില്ലുകൾ, സഹകരണമേഖലയെ പൂർണമായും കേന്ദ്രത്തിന്റെ പിടിയിലാക്കുന്ന ബാങ്കിങ് റെഗുലേഷൻ ബിൽ, സംസ്ഥാന വൈദ്യുതി ബോർഡുകളെ സ്വകാര്യവൽക്കരിക്കുകയും സംസ്ഥാനസർക്കാരുകളുടെ അധികാരം ഹനിക്കുകയും ചെയ്യുന്ന വൈദ്യുതി ബിൽ എന്നിവയെയും കോൺഗ്രസ് ഉദാസീനമായാണ് കാണുന്നത്.