Politics

‘ക്ഷോഭമല്ല, വേണ്ടത് മറുപടികള്‍’; അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം ഉയരുമ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനും അസ്വസ്ഥനുമാകുന്നെന്ന് കത്തില്‍ ചെന്നിത്തലയുടെ വിമര്‍ശനം. ക്ഷോഭിക്കാതെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ നല്‍കണമെന്നാണ് കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.   

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ സാങ്കല്‍പ്പികമായി കെട്ടുകഥകളുണ്ടാക്കി പ്രതിപക്ഷം  അപവാദം പ്രചരിപ്പിക്കുകയാണെന്നാണല്ലോ താങ്കള്‍ കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നത്.  സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റില്‍ താങ്കള്‍ അസ്വസ്ഥനും ക്ഷുഭിതനുമാവുകയും ചെയ്യുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയായ താങ്കള്‍ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചതു കൊണ്ടു മാത്രം വസ്തുതകള്‍ വസ്തുകളല്ലാതാവില്ല എന്ന് വിനീതമായി അറിയിക്കട്ടെ. താങ്കള്‍ കണ്ണടച്ചതു കൊണ്ടു മാത്രം ലോകം മുഴവന്‍ ഇരുളാവുകയുമില്ല.

കെട്ടുകഥകളെന്ന് താങ്കള്‍ പറയുമ്പോള്‍ ഏതാണ് കെട്ടുകഥയെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചതെന്താണെന്ന് നമുക്ക് പരിശോധിക്കാം. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജില്‍ നിന്ന് കസ്റ്റംസുകാര്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയതോടെയാണല്ലോ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് എന്ന സ്ത്രീ അറസ്റ്റിലായി. നോക്കുമ്പോള്‍ സ്വപ്ന മുഖ്യമന്ത്രിക്ക് കീഴില്‍ ഉന്നത ഉദ്യോഗസ്ഥയാണ്. അതും യോഗ്യത ഇല്ലാതെ പിന്‍വാതില്‍ വഴി കയറിയപ്പറ്റിയയാള്‍. ഈ സ്വപ്‍നയ്ക്കും സംഘത്തിനും എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് താങ്കളുടെ ഏറ്റവും വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനാണെന്നും തെളിഞ്ഞു. താങ്കളുടെ ഓഫീസിന് തൊട്ടടുത്തു തന്നെയാണ് കള്ളക്കടത്തുകാര്‍ ശിവശങ്കരന്‍റെ സഹായത്തോടെ താവളമുണ്ടാക്കിയത്. അദ്ദേഹം സസ്പെന്‍ഷനിലായി. കേന്ദ്ര ഏജന്‍സികള്‍  മാറി മാറി ശിവശങ്കരനെ ചോദ്യം ചെയ്തു. ഇതൊന്നും കെട്ടുകഥയല്ലല്ലോ?