Kerala

പാലാരിവട്ടം പാലം : നിർമാണച്ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന്‌ ഈടാക്കണം: സിപിഐ എം

കൊച്ചി
പാലാരിവട്ടത്ത് പുതിയ മേൽപ്പാലം നിർമിക്കേണ്ടതിന്റെ ചെലവ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൽനിന്നും നിർമാണക്കമ്പനിയിൽനിന്നും ഈടാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണം. പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന സർക്കാർവാദം പൂർണമായും അംഗീകരിക്കുന്നതാണ് സുപ്രീംകോടതി വിധി.

സിപിഐ എമ്മും ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തുടർച്ചയായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് സർക്കാരും മുഖ്യമന്ത്രിയും പ്രശ്നത്തിൽ ഇടപെട്ടത്. വിവിധ പഠനങ്ങളിൽ പാലം പൊളിക്കണമെന്ന് നിർദേശിച്ചെങ്കിലും ഒരുവിഭാഗം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും കരാർ കമ്പനിയും കിറ്റ്കോയും ഇതിനെതിരെ നിലപാടെടുത്തു. തുടർന്ന്, സർക്കാർ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. അദ്ദേഹവും പാലം അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന റിപ്പോർട്ടാണ് നൽകിയത്.

പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. അന്നത്തെ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും അഴിമതിക്കാരായ ഉദ്യോഗസ്ഥകൂട്ടാളികളും ചേർന്ന് നടത്തിയ ഭയാനകമായ അഴിമതിയുടെ ഉൽപ്പന്നമാണ് അഴിമതിപ്പാലം. ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലൻസ് അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.