മസ്കത്ത് > ഷെഹീന് ചുഴലിക്കാറ്റ് കരയോട് അടുക്കാനിരിക്കെ ഒമാനില് പലയിടത്തും പരക്കെ മഴ. ചില സ്ഥലങ്ങളില് കനത്ത മഴ ലഭിച്ചു. മസ്കത്തില് പല ഭാഗങ്ങളിലും റോഡില് വെള്ളം കയറി. ഷഹീന് ചുഴലിക്കാറ്റ് കാരണം ബാതിന മേഖലയില് ഗതാഗതം നിര്ത്തി.
മസ്കത്ത് ഗവര്ണറേറ്റിലെ മത്രയിലെ വിലയത്തില് ഇന്നലെ രാത്രിയും ഇന്ന് പകലുമായി 150 മില്ലീമീറ്ററില് കൂടുതല് മഴ രേഖപ്പെടുത്തിയതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. മസ്കത്ത്, വടക്കന് അല് ബാതിന, അല് ദാഹിറ എന്നീ ഗവര്ണറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങള് ചൊവ്വാഴ്ച വരെ അടച്ചിട്ടു. സ്റ്റേഷന് ആസ്ഥാനത്ത് ജലനിരപ്പ് ഉയര്ന്നതിനാല് മുന്കരുതല് നടപടിയായി റുസൈല് ടാങ്കര് സ്റ്റേഷന് അടച്ചു.
വടക്കന്, തെക്കന് അല് ബതിനയിലെ റോഡുകളിലാണ് വാഹന ഗതാഗതം നിര്ത്തിവെച്ചത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില് ഈ ഭാഗങ്ങള് വരുന്നതിനാലാണ് നടപടി. ഇവിടെ എമര്ജന്സി വാഹനങ്ങളും ഒഴികെയുള്ള ഗതാഗതം അനുവദനീയമല്ലെന്ന് നാഷണല് കമ്മിറ്റി ഫോര് എമര്ജന്സി മാനേജ്മെന്റ് പറഞ്ഞു.
മസ്കറ്റില് നിന്നും ഏകദേശം 60 കിലോമീറ്റര് വടക്കുകിഴക്കായി അറബിക്കടലിനു മുകളിലാണ് ഇപ്പോള് ചുഴലിക്കാറ്റ് ഉള്ളതെന്ന് ഇന്ത്യന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാവിലെ 11.30നുള്ള അപ്ഡേറ്റില് വയക്തമാക്കി. പ്രഭവ കേന്ദ്രത്തിന്റെ ചുറ്റുമുള്ള കാറ്റിന് മണിക്കൂറില് 116 കിലോമീറ്റര് വേഗമുണ്ടെന്ന് ഒമാന് കലാവസ്ഥ വിഭാഗവും അറിയിച്ചു. ഞായറാഴ്ച അര്ധ രാത്രിക്കുശേഷം കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വടക്കന് ബാത്തിന, അല് ദാഹിറ, അല് ദഖിലിയ ഗവര്ണറേറ്റുകള്, അല് ബുറൈമി എന്നിവടങ്ങളില് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിപ്പില് പറയുന്നു. 200 മുതല് 500 മില്ലിമീറ്റര് വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കടല് പ്രക്ഷുബ്ധമാകും. താഴ്ന്ന പ്രദേശങ്ങളില് വെ്ള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
മോശം കാലവാസ്ഥയെ തുടര്ന്ന് കോഴിക്കോടു നിന്നും മസ്കത്തിലേക്കുള്ള സലാം എയര് 7744 വിമാനം സലാലയിലേക്ക് തിരിച്ചുവിട്ടു. മൂന്നു മണിക്കൂര് വൈകിയാണ് ഇവിടെ വിമാനം ഇറങ്ങിയത്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. കുടി വെള്ളത്തിന് പോലും പ്രയാസപ്പെട്ടതായി സലാലയില് ഇറങ്ങിയ ചില യാത്രക്കാര് പരാതിപ്പെട്ടു.
Add Comment