Kerala

യാത്രയ്ക്ക്‌ അനുയോജ്യമല്ലാത്ത ബസുകൾ പൊതുസ്ഥാപനങ്ങൾക്ക്‌ നൽകും: മന്ത്രി

തിരുവനന്തപുരം
യാത്രയ്ക്ക് ഉപയോഗപ്രദമല്ലാത്ത കെഎസ്ആർടിസി ബസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ നൽകാൻ തയാറാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പഴവങ്ങാടി ബസ് ഡിപ്പോയിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി മിൽമ ബസ് സ്റ്റാളിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ രാജു സ്റ്റാൾ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതാണ് പദ്ധതി. മിൽമയുടെ പാലും പാലുൽപ്പന്നങ്ങളും സ്റ്റാളിൽ ലഭ്യമാകും. ഫിറ്റ്നസ് ഇല്ലാത്ത കെഎസ്ആർടിസി ബസുകളെ ആക്രിയായി വിൽക്കുന്നതിന് പകരം എന്ത് ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് പൊതുസ്ഥാപനങ്ങൾക്ക് നൽകാമെന്ന ആശയം ഉയർന്നുവന്നത്. ഇതിൽ സഹകരിക്കാൻ ആദ്യമായി മിൽമ മുന്നോട്ടുവന്നു. പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് പ്രതിമാസം 20,-000 രൂപയാണ് വരുമാനം. ബസ് ആക്രിയായി വിറ്റാൽ കിട്ടുന്നതാകട്ടെ ഒന്നുമുതൽ രണ്ടുലക്ഷം രൂപ മാത്രവും.

മിൽമ ആവശ്യപ്പെടുന്നിടത്തെല്ലാം യൂണിറ്റ് നിർമിക്കാൻ ബസ് എത്തിച്ചുനൽകാൻ കെഎസ്ആർടിസി തയാറാണെന്നും മന്ത്രി പറഞ്ഞു. കെടിഡിസി, കുടുംബശ്രീ പോലെയുള്ളവർക്കും ആവശ്യമെങ്കിൽ ബസ് നൽകും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിലും ഉടൻ മിൽമയുടെ രണ്ടാമത്തെ സ്റ്റാൾ സ്ഥാപിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി കെ രാജു പറഞ്ഞു. കോവിഡ് കാലത്ത് ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സബ്സിഡിയിൽ കാലിത്തീറ്റ നൽകും. 50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് കാലിത്തീറ്റ നിലവിലെ വിലയേക്കാൾ 400 രൂപ കുറച്ചാകും കർഷകർക്ക് നൽകുക. ഇത്തരത്തിൽ മൂന്ന് ലക്ഷം ചാക്ക് കാലിത്തീറ്റ കർഷകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. മിൽമയുടെയും കെഎസ്ആർടിസിയുടെയും ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.