Kerala

തൃശൂരിൽ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ

പാവറാട്ടി: തൃശൂരിൽ ചിറ്റാട്ടുകരയിലെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ നാല് പേർ കുട്ടികളാണ്. ചൊവ്വാഴ്ച ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എളവള്ളി ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരെത്തി ഹോട്ടൽ അടപ്പിച്ചു. ഏകദേശം 20 കിലോയോളം ചിക്കൻ ഈ ദിവസം ഹോട്ടലിൽ നിന്ന് വിറ്റിട്ടുണ്ടെന്നാണ് ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചത്. എന്നാൽ ഭക്ഷ്യ വിഷബാധയേറ്റത് മയോണൈസിൽ നിന്നോ സാലഡിൽ നിന്നോ ആവാമെന്നാണ് കണ്ടെത്തൽ. ഇറച്ചിയിൽ നിന്നാണെങ്കിൽ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റേനെ എന്നാണ് കണ്ടെത്തൽ.

പലർക്കും രക്തത്തിൽ വിഷാംശം കലർന്നതായി അധികൃതർ അറിയിച്ചു. കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ശേഷമാണ് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. അതേ സമയം, ഹോട്ടലിൽ നിന്ന് പഴകിയതോ കേടുവന്നതോ ആയ ഒന്നുമുണ്ടായിരുന്നില്ലായെന്ന് ഹോട്ടലുടമ അറിയിച്ചു.

ബ്രഹ്മകുളം മില്ലുംപടി സ്വദേശികളായ കുന്നംപുള്ളി നൗഷാദ് (45), മകൻ മുഹമ്മദ് ആദി (അഞ്ച്), മാതാവ് നഫീസക്കുട്ടി (63), കടവല്ലൂർ പുലിക്കോട്ടിൽ അലൻ ഡയ്സൻ (16), തോട്ടുപുറത്ത് വീട്ടിൽ മീനാക്ഷി (19), ശ്രീലക്ഷ്മി (14), ശ്രീപാർവതി (11), പ്രദീപ് തക്ഷിൽ (11), വെള്ളംപറമ്പിൽ ശ്രീദേവ് (11), വട്ടംപറമ്പിൽ കനകലത, കാക്കശ്ശേരി കല്ലുപറമ്പിൽ ഓമന രാമു (58) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.