Sports

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് താൽപ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്.

2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് നീക്കം. ഒളിംപിക്സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നു.

2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ 10 രാജ്യങ്ങളാണ് നിലവിൽ താൽപ്പര്യം പ്രകടിപ്പിച്ചത്. മെക്സിക്കോ (മെക്സിക്കോ സിറ്റി, ഗ്വാഡലജാര-മോണ്ടെറി-ടിജുവാന), ഇന്തോനേഷ്യ (നുസന്താര), തുർക്കി (ഇസ്താംബുൾ), ഇന്ത്യ (അഹമ്മദാബാദ്), പോളണ്ട് (വാർസോ, ക്രാക്കോ), ഈജിപ്ത്, ദക്ഷിണ കൊറിയ (സിയോൾ-ഇഞ്ചിയോൺ) എന്നീ രാജ്യങ്ങളാണ് അവ.2032 ഒളിമ്പിക്‌സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന 141-ാമത് ഐഒസി സെഷനിൽ, 2036 ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചിരുന്നു. 140 കോടി ഇന്ത്യക്കാർ ഗെയിംസ് നടത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.