അബുദാബി> സംസ്ഥാന സർക്കാരിന്റെ ഭാഷാനയത്തെ ഏറ്റവും സൂക്ഷ്മതയോടെ പിന്തുടരുന്ന പ്രസ്ഥാനമാണ് മലയാളം മിഷനെന്ന് സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ബദാസായിദ്, റുവൈസ്, ഖയാത്തി, സില, മർഫ, താരിഫ് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട അൽ ദഫ്റ റീജിയണിലെ മലയാളം മിഷൻ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളം മിഷൻ ഭരണസമിതി അംഗം കൂടിയായ കെ പി രാമനുണ്ണി.
പ്രവേശനോത്സവത്തിന്റെ മുന്നോടിയായി മലയാളം മിഷൻ അധ്യാപകൻ പ്രേം ഷാജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് മലയാളം മിഷൻ അബുദാബി മേഖല കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി വിശദീകരിച്ചു.
മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി, അബുദാബി കൺവീനർ വി പി കൃഷ്ണകുമാർ, കോർഡിനേറ്റർ ബിജിത് കുമാർ, ലൈഫ്ലാബ് മ്യൂസിക്കൽ തിയ്യറ്റർ ചെയർമാൻ രവി എളവള്ളി, റുവൈസ് ഒരുമ വൈസ് പ്രസിഡന്റ് ഉദയൻ, കുസൃതിക്കൂട്ടം സെക്രട്ടറി ഹെറിക് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ അധ്യാപകരായ രാജേഷ് സ്വാഗതവും ശ്രീവിദ്യ പ്രേംഷാജ് നന്ദിയും പറഞ്ഞു.
തുടർന്ന് ലൈഫ്ലാബ് മ്യൂസിക്കൽ തിയ്യറ്റർ കുസൃതിക്കൂട്ടം പ്രവർത്തകരായ യുഹാൻ റെജി, ഹെറിക് സോണി, ആദിത് അനുരാജ്, ആദിത്യ ഷാജു, ദേവദത്ത്, അക്ഷജ്, ഗൗരി, അദ്വൈത്, നൂറ, ഋഥ്വിക്, രൂപ മൂസ, ക്രിസ്റ്റിന, ഇസബെല്ല എന്നിവർ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
മലയാളം മിഷൻ അധ്യാപകരായ രേവതി ജിബേഷ്, സെറീന അനുരാജ്, ശ്രീലലക്ഷ്മി രവി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Add Comment