ദോഹ> അധ്യാപകദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ ഖത്തർ ഖത്തറിലെ വിവിധ സ്കൂളുകളിലെ തെരെഞ്ഞെടുത്ത മലയാളി അധ്യാപകരെ ആദരിച്ചു കൊണ്ട് അധ്യാപക ദിന സൗഹൃദ പരിപാടി സംഘടിപ്പിച്ചു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമൂഹത്തിന്റെ അനിവാര്യ വശമായ സാമൂഹിക ഐക്യം ലോകമെമ്പാടുമുള്ള ക്ലാസ് മുറികളിൽ പരിപോഷിപ്പിക്കപ്പെടുന്നു. അധ്യാപകർ വൈവിധ്യത്തെ അംഗീകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു.
പരസ്പരം വ്യത്യാസങ്ങളെ ബഹുമാനിക്കാനും വിവിധ സംസ്കാരങ്ങളെ വിലമതിക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകൾ സ്വീകരിക്കാനും അവർ നമ്മെ പഠിപ്പിക്കുന്നു. ഈ രീതിയിൽ, ജീവിതത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികൾക്കിടയിൽ ഐക്യത്തിന്റെയും ധാരണയുടെയും ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ അധ്യാപകർ സഹായകമാണ് എന്ന് അദ്ധ്യാപക ദിന സന്ദേശത്തിൽ വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് പറഞ്ഞു.
വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞതാകണം അധ്യാപനം. പുതിയ സാങ്കേതിക വിദ്യകൾ മാറുന്നത് പോലെ സിലബസ്സുകൾ മാറുന്നില്ല, തലമുറ മാറി വരുന്നതിനനുസരിച്ചു പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ചു അദ്ധ്യാപകരും സ്വയം പുതുക്കിയാൽ മാത്രമേ പുതു തലമുറയിലെ കുട്ടികളെ അവരുടെ താല്പര്യങ്ങൾക്കനുസരിച്ചു പാകപ്പെടുത്തിയെടുക്കാൻ ആകുകയുള്ളുവെന്നും അദ്ധ്യാപന ജോലി വളരെ ഇഷ്ടത്തോടെ ചെയ്യേണ്ടതാണെന്നും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.അദ്ധ്യാപകർ തങ്ങളുടെ അദ്ധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ പങ്കു വെച്ചത് ഏറെ ഹൃദ്യമായി.
മറ്റൊരു ജോലിയും ലഭിക്കാതെ വരുമ്പോൾ തെരഞ്ഞെടുക്കേണ്ട ഒരു തൊഴിൽ അല്ല അധ്യാപനം ഒരു ശില്പിയെ പോലെ പുതു തലമുറയെ വാർത്തെടുക്കേണ്ടവരാണ് ഓരോ അധ്യാപകരും അത് കൊണ്ട് തന്നെ ഓരോ അദ്ധ്യാപകരും ആത്മസമർപ്പണത്തോടെയും അതിലുപരി വീടകങ്ങളിൽ നിന്ന് എത്തുന്ന ഓരോ വിദ്യാർത്ഥിക്കും സുരക്ഷ തോന്നും വിധം എന്തും തുറന്നുപറയാൻ ഉള്ള ജാലകങ്ങളാകും വിധം സ്നേഹം ആയിരിക്കണം എല്ലാത്തിന്റെയും അടിത്തറ എന്നും അധ്യാപകർ അഭിപ്രായപ്പെട്ടു.
ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 30 ലധികം അധ്യാപകർ പങ്കെടുത്ത പരിപാടിയിൽ അമൽ ഫെർമിസ് (ദോഹ അക്കാഡമി), പ്രഭ ഹെൻറി ( നോബിൾ ഇന്റർനാഷണൽ സ്കൂൾ), സുമിത (ഡി എം ഐ എസ് ), ഇബ്തിസാം (ഫസ്റ്റ് അസ്സലാം സ്കൂൾ) , ലീന (ബിർള പബ്ലിക് സ്കൂൾ), സ്മിത ആദർശ് ( ഡി പി എസ് മൊണാർക്ക്), സുനിത (രാജഗിരി പബ്ലിക് സ്കൂൾ). ഷെർമി ഹബീബ് (ബ്രില്യൻറ് ഇന്റർനാഷണൽ സ്കൂൾ) , നിഷ ശാഹുൽ ഹമീദ്( രാജഗിരി പബ്ലിക് സ്കൂൾ) തുടങ്ങിയ അദ്ധ്യാപകർ സംസാരിച്ചു.
അബു ഹമൂർ സഫാരി മാളിനടുത്തുള്ള ഖത്തർ സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉച്ചഭക്ഷണത്തിനു ശേഷം ബഹീജയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയാ ബീവി ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. റാഫത്ത് ഗാനം ആലപിച്ചു. അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ റൈഹാന അസ്ഗർ നന്ദി പറഞ്ഞു. സുനില ജബ്ബാർ ,സറീന ബഷീർ , ഷിറീൻ ഷബീർ, ബബീന ബഷീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Add Comment