Politics

പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ, പതിനായിരം വരെ ഭൂരിപക്ഷത്തില്‍ എത്തും; കെ സുധാകരന്‍

പാലക്കാട്: പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല. പതിനായിരം വരെ ഭൂരിപക്ഷത്തില്‍ എത്തും. പത്തിന് മുകളിലും പോവുമെന്ന് അവകാശപ്പെടുന്ന നേതാക്കന്‍മാരുണ്ട് നമുക്ക് മുന്നില്‍. അത് പറയാന്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വളരെയധികം കുറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധതയുണ്ട്. പ്രതീക്ഷിച്ച ഇടത്തെല്ലാം ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പാലക്കാട് ബിജെപിക്കെതിരെയുള്ള ഒരു ജനവികാരം ഐക്യജനാധിപത്യമുന്നണി ഉയര്‍ത്തിയെടുത്തത് അഭിമാനിക്കാവുന്ന കാര്യമാണ്. സംസ്ഥാന ഭരണത്തിനും കേന്ദ്രഭരണത്തിനും എതിരായ വികാരമാണ് എല്ലാ മണ്ഡലങ്ങളിലെയും നില സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റമാണ്. മുന്‍ വര്‍ഷങ്ങളില്‍ പാലക്കാട് നഗരസഭാ മേഖലകളില്‍ ബിജെപി നേടിയ മേല്‍ക്കൈ തകര്‍ത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാല്‍ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകള്‍ എല്ലാം എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസാണ് ഇവിടം മുന്നില്‍.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിജയിക്കുമെന്ന് വി ടി ബല്‍റാം എംഎല്‍എയും ഉറപ്പിച്ച് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വി ടി ബല്‍റാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.