പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ അവസാനിച്ചു. പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കര എല്‍ ഡി എഫിന്റെ യു ആർ പ്രദീപും വിജയിച്ചു.
18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഷാഫി പറമ്ബില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷം രാഹുലിനുണ്ട്.
പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ രാഹുലിന്റെ വിജയം ആഘോഷിക്കുകയാണ്. പാലക്കാട് ഇത്തവണയും ബി ജെ പി തന്നെയാണ് രണ്ടാമത്. പാലക്കാട് മണ്ഡലത്തില്‍ നഗരത്തിലടക്കം ബി ജെ പിക്ക് വൻ വോട്ടുചോർച്ചയാണുണ്ടായത്.
58,244 വോട്ടാണ് രാഹുല്‍ നേടിയത്. എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39,529 വോട്ടും, എല്‍ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിന് 37,348 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടാൻ എല്‍ ഡി എഫിന് സാധിച്ചിട്ടുണ്ട്.
12,122 വോട്ടിനാണ് പ്രദീപ് ചേലക്കര മണ്ഡലം പിടിച്ചത്. 2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചെന്ന് ചേലക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രതികരിച്ചു.
ചേലക്കരയില്‍ എല്‍ ഡി എഫിന് 64,877 വോട്ടും യു ഡി എഫിന് 52,626 വോട്ടും ബി ജെ പിക്ക് 33,609 വോട്ടുമാണ് നേടിയത്. നിലവില്‍ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാനാണ് യു.ആർ പ്രദീപ്. ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.എം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
Add Comment