Kerala

മുനമ്പം വിഷയത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാന്‍ ഏറ്റവും അനുയോജ്യം ജുഡീഷ്യല്‍ കമ്മീഷൻ; മന്ത്രി പി രാജീവ്

കൊച്ചി: മുനമ്പം വിഷയത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാന്‍ ഏറ്റവും അനുയോജ്യം ജുഡീഷ്യല്‍ കമ്മീഷനെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ശ്രമിക്കുന്നത് ശാശ്വത പരിഹാരത്തിനാണ്. വിഷയത്തില്‍ ചില സങ്കീര്‍ണതകള്‍ ഉണ്ട്. അത് പരിഹരിച്ച് നിയമപരമായ അവകാശങ്ങളും സംരക്ഷണവും നല്‍കും. ഇന്ന് തന്നെ ചര്‍ച്ച വേണം എന്നുള്ളത് കൊണ്ടാണ് ചര്‍ച്ച ഓണ്‍ലൈനില്‍ ചേരുന്നതെന്നും മന്ത്രി പറഞ്ഞു.

മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നാല് തീരുമാനങ്ങളായിരുന്നു എടുത്തത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതായിരുന്നു ഒന്നാമത്തെ തീരുമാനം. താമസക്കാരുടെ നിയമപരമായ അവകാശം സംരക്ഷിക്കും, റിട്ടയേര്‍ഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കും, തീരുമാനമാകുന്നതുവരെ നോട്ടീസ് അയക്കാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിന് നിര്‍ദേശം എന്നിവയായിരുന്നു മറ്റ് തീരുമാനങ്ങള്‍. എന്നാല്‍ ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നായിരുന്നു ഭൂസംരക്ഷണ സമിതിയുടെ നിലപാട്.

മുനമ്പം വിഷയം പരിഹരിക്കാന്‍ വീണ്ടും ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് നീതിയല്ലെന്നാണ് ഭൂസംരക്ഷണ സമിതി വ്യക്തമാക്കിയിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ ആസ്തി വിവരകണക്കില്‍ നിന്ന് തങ്ങളെ മോചിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. സമരം ശക്തമാക്കാന്‍ ഭൂസംരക്ഷണ സമിതി തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഭൂസംരക്ഷണ സമിതിയുടെ തീരുമാനം.