Sports

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് പെർത്തിൽ ആവേശകരമായി പുരോഗമിക്കവെ വ്യക്തമായ ആധിപത്യവുമായി ഇന്ത്യ. ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും കെ എൽ രാഹുലും ചേർന്ന് നടത്തിയ ഗംഭീര പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. ജയ്‌സ്വാൾ പുറത്താവാതെ 90 റൺസും രാഹുൽ പുറത്താവാതെ 62 റൺസുമാണ് നേടിയിരിക്കുന്നത്.

ഇതിൽ ജയ്‌സ്വാളിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ആദ്യ ഇന്നിങ്‌സിൽ ഡെക്കായ ജയ്‌സ്വാൾ രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 193 പന്തുകൾ നേരിട്ട് ജയ്‌സ്വാൾ ഏഴ് ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്. ഇതോടൊപ്പം നിരവധി റെക്കോഡുകളും ജയ്‌സ്വാൾ നേടിയെടുത്തിട്ടുണ്ട്.

ഒരു വർഷം ടെസ്റ്റിൽ കൂടുതൽ സിക്‌സർ പറത്തുന്ന താരമെന്ന റെക്കോഡാണ് യശ്വസി ജയ്‌സ്വാൾ നേടിയെടുത്തത്. ഈ വർഷം ടെസ്റ്റിൽ 34 സിക്‌സുകളാണ് ജയ്‌സ്വാൾ നേടിയെടുത്തിരിക്കുന്നത്. മുൻ ന്യൂസീലൻഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലുണ്ടായിരുന്ന 33 സിക്‌സർ റെക്കോഡാണ് ജയ്‌സ്വാൾ തകർത്തത്. 2014ലായിരുന്നു മക്കല്ലത്തിന്റെ നേട്ടം. ബെൻ സ്‌റ്റോക്‌സ് 26 സിക്‌സ് 2022ൽ നേടിയിരുന്നു.

2005ൽ ആദം ഗിൽക്രിസ്റ്റ് നേടിയ 22 സിക്‌സറിന്റേയും 2008ൽ വീരേന്ദർ സെവാഗ് നേടിയ 22 സിക്‌സറിന്റേയും റെക്കോഡ് നേരത്തെ തന്നെ ജയ്‌സ്വാൾ തകർത്തിരുന്നു. ഇതോടെ ഒരു വർഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കൂടുതൽ സിക്‌സർ പറത്തുന്ന താരമെന്ന റെക്കോഡ് ഇന്ത്യൻ താരങ്ങൾ സ്വന്തം പേരിലാക്കി. ഏകദിനത്തിൽ രോഹിത് ശർമയുടെ പേരിലാണ് ഈ റെക്കോഡ്. 2023ൽ 67 സിക്‌സാണ് ഹിറ്റ്മാൻ നേടിയത്. 2022ൽ സൂര്യകുമാർ യാദവ് പറത്തിയ 68 സിക്‌സറാണ് ടി20യിലെ റെക്കോഡ്.

ഓപ്പണിങ്ങിൽ റെക്കോഡ് കൂട്ടുകെട്ട്

ഓപ്പണിങ്ങിൽ റെക്കോഡ് കൂട്ടുകെട്ടാണ് കെ എൽ രാഹുലും യശ്വസി ജയ്‌സ്വാളും ചേർന്ന് സൃഷ്ടിച്ചിരിക്കുന്നത്. 2018ന് ശേഷം സെന രാജ്യത്ത് ഇന്ത്യക്കായി ഓപ്പണിങ്ങിൽ വിക്കറ്റ് നഷ്ടമാവാതെ ഒന്നിലധികം സെഷനുകളിൽ ബാറ്റ് ചെയ്യുന്ന ആദ്യ താരങ്ങളായി മാറാൻ കെ എൽ രാഹുലിനും ജയ്‌സ്വാളിനും സാധിച്ചു. കൂടാതെ സെന രാജ്യത്ത് കൂടുതൽ പന്ത് നേരിടുന്ന ഓപ്പണിങ് കൂട്ടുകെട്ടായും ഇവർ മാറി.

രാഹുൽ-ജയ്‌സ്വാൾ കൂട്ടുകെട്ട് വസിം ജാഫറും ദിനേഷ് കാർത്തികും 2007ൽ നേരിട്ട 337 പന്തിന്റെ റെക്കോഡാണ് പെർത്തിൽ തകർത്തത്. രോഹിത്തും കെ എൽ രാഹുലും ചേർന്ന് 2021ൽ പെർത്തിൽ 262 പന്തുകളും നേരിട്ടിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ തകർച്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാൻമാർ കാഴ്ചവെച്ചത്.