ഗൂഗിളിനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ(സിസിഐ). വിന്‍സോ എന്ന ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയുടെ പരാതിയിലാണ് നടപടി. വിപണിമര്യാദ പാലിക്കാതെയുള്ള ബിസിനസ് രീതികള്‍ ആരോപിച്ചാണ് പരാതി. അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കമ്പനിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന നീക്കമാണ് ആപ് സ്റ്റോര്‍ ബിസിനസില്‍ ആധിപത്യമുള്ള ഗൂഗിള്‍ നടത്തുന്നതെന്ന് വിന്‍സോ ആരോപിച്ചു. പണം ഉള്‍പ്പെടുന്ന ഗെയിമുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അനുവദിക്കുന്നില്ല. മറ്റ് സൈറ്റുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താലും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അപകടമുന്നറിയിപ്പ് നല്കുന്നു. ഇത് കമ്പനികളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും ആപ്പുകളുടെ ഉപയോഗത്തില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്തിരിയാന് കാരണമാകുന്നുവെന്നും വിന്‍സോ പരാതിയില്‍ ആരോപിച്ചു.
ഗൂഗിളിന്റേത് യുക്തിരഹിതമായ നയമാണെന്ന് ആരോപിച്ച വിന്‍സോ ഇതുകാരണം നിരവധി നഷ്ടം കമ്പനിക്ക് ഉണ്ടായതായും വ്യക്തമാക്കി. ചെയര്‍പേഴ്സണ്‍ രവനീത് കൗര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സിസിഐ ബെഞ്ചാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയില്‍ വിശദീകരണം തേടി ബന്ധപ്പെട്ടെങ്കിലും സംഭവത്തില്‍ ഗൂഗിള്‍ വക്താവ് പ്രതികരിച്ചിട്ടില്ല.
Add Comment