Pravasam UAE

ഒരു ദിവസം പ്രായമായ കുട്ടിയ്ക്കും നഴ്സറിയിൽ സീറ്റ്; പ്രഖ്യാപനവുമായി അബുദാബി

അബുദാബി: ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ നഴ്സറികളിൽ ചേർക്കാൻ അനുവദിക്കുന്ന പുതിയ നയം പ്രഖ്യാപിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK). 2025-2026 അധ്യയന വർഷം മുതലാണ് ഈ പുതിയ തീരുമാനം നടപ്പിലാക്കുക. നാല് വയസിന് താഴെയുള്ളവരുടെ നഴ്സറി പ്രവേശനത്തിന് അപേക്ഷ ലഭിച്ചാൽ പ്രായമോ പശ്ചാത്തലമോ കണക്കിലെടുക്കാതെ സീറ്റ് നൽകണമെന്നാണ് നിർദേശം.

പ്രായമോ പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും അവർക്ക് ആവശ്യമായ അടിസ്ഥാന പഠനാവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അധികൃതരുടെ വാദം. ഗുണനിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനാണ് ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

പ്രവേശന പ്രക്രിയയിലെ നീതി, സുതാര്യത, വിവേചനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നഴ്സറികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ നിർണായകമായ മാറ്റങ്ങൾ പുതിയ നയം അവതരിപ്പിക്കുന്നു.‌

ഒരു കുട്ടിയും വിവേചനം നേരിടുന്നില്ലെന്നും നിയമം അനുശാസിക്കുന്ന അവകാശങ്ങൾ കുട്ടികൾക്ക് ഉറപ്പാക്കുകയും ചെയ്യും. വാക്സിൻ എടുത്തില്ലെന്നോ പ്രായമായില്ലെന്നോ കാരണത്താൽ നഴ്സറി പ്രവേശനം നിഷേധിക്കരുത്. ഓരോ കുട്ടിക്കും വിദ്യാഭ്യാസം ആർജിക്കാൻ സാധിക്കുംവിധമുള്ള അന്തരീക്ഷം നഴ്സറിയിൽ ഒരുക്കണം. ഗുണനിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനാണ് ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടിയുടെ സാമൂഹിക, അക്കാദമിക വികസനത്തിന് ഊന്നൽ നൽകുന്നതാകണം നഴ്സറികളിലെ അന്തരീക്ഷമെന്നും അഡെക് ആവശ്യപ്പെട്ടു. ഓരോ കുട്ടിക്കും വിജയിക്കാൻ തുല്യ അവസരം നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം പുതിയ നയം ഊന്നിപറയുന്നു. വാക്സിനേഷൻ രേഖകളുടെ അഭാവം കാരണം ഒരു കുട്ടിയെയും നിരസിക്കാൻ നഴ്സറികൾക്ക് അവകാശമില്ല. അതേസമയം, കുട്ടിയെ ചേർത്തിയ വർഷം അവസാനിപ്പിക്കുന്നതിന് മുൻപ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് രക്ഷിതാക്കൾ സമർപ്പിക്കേണ്ടതുണ്ട്.

കുട്ടികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ‍ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത വിവിധ പാഠ്യപദ്ധതികൾ വാ​ഗ്ദാനം ചെയ്യുന്ന 200ലധികം സ്വകാര്യ നഴ്സറികളാണ് അബുദാബിയിലുള്ളത്. രണ്ട് വർഷത്തിനുള്ളിൽ 4000 സീറ്റ് വർധിപ്പിക്കുന്ന രീതിയിൽ 10 പുതിയ നഴ്സറികൾ കൂടി തുറക്കും.

അതേസമയം വിദേശ ജോലിക്കാരായ മാതാപിതാക്കൾ‌ ഈ നിയമത്തെ സ്വാ​ഗതം ചെയ്തിട്ടുണ്ട്. അതേസമയം കുഞ്ഞുങ്ങൾക്ക് അമ്മയുടെ സാന്നിധ്യം ആവശ്യമായ സമയം നഴ്സറിയിൽ വിടുന്നതിൽ‌ യോജിക്കാത്തവരുമുണ്ട്. അടുത്ത ദശകത്തിൻ്റെ അവസാനത്തോടെ, 32,000-ത്തിലധികം കുട്ടികള്‍ക്ക് അവസരം ലഭിക്കും.