കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതിൽ കാരണം പറഞ്ഞ് പ്രതി റിതു ജയൻ. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നാണ് റിതു ജയന്‍റെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് ഇയാൾ കൊലപാതകം നടത്തിയത്.
ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഒന്നും ഉപയോഗിച്ചിരുന്നില്ലായെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മാനസികപരമായി പ്രശന്ങ്ങൾ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. ജിതിനെ റിതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ച് വീഴത്തുകയായിരുന്നു.
ഇന്നലെയാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് റിതു. ഇയാളുടെ ആക്രമണത്തിൽ ജിതിന് തലയ്ക്ക് സാരമായി പരിക്കേറ്റു. ജിതിൻ നിലവിൽ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിൻ്റെ ചികിത്സയ്ക്കായുള്ള ധനസമാഹരണം പ്രദേശത്ത് നടന്നു വരികയാണ്.
Add Comment