Entertainment

മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത

ലഖ്‌നൗ: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത. നടി തന്നെയാണ് മഹാകുംഭമേളയില്‍ പങ്കെടുത്തുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങളും സംയുക്ത പങ്കുവെച്ചു. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥം വ്യക്തമാകുന്നതെന്ന് ചിത്രങ്ങള്‍ക്കൊപ്പം സംയുക്ത കുറിച്ചു.

2016 ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് സംയുക്ത. ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധനേടി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത വേഷമിട്ടു.

അതിനിടെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നടിയും ബിജെപി എംപിയുമായ ഹേമ മാലിനിയുടെ പരാമര്‍ശം വിവാദമായി. കുംഭമേളയ്ക്കിടെ 30 പേര്‍ മരിക്കാനിടയായത് അത്ര വലിയ സംഭവമൊന്നുമല്ലെന്നായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം. കുംഭമേളയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും പ്രതിപക്ഷം വിഷയം പെരുപ്പിച്ച് കാണിക്കുകയാണെന്നും ഹേമ മാലിനി പറഞ്ഞിരുന്നു. കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. ഹേമ മാലിനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment

Featured