Business

കേരളത്തിലേക്ക് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കൻ കമ്പനിയായ പാനറ്റോണിയും ആദാനി ഗ്രൂപ്പും

കേരളത്തിലേക്ക് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കൻ കമ്പനിയായ പാനറ്റോണിയും ആദാനി ഗ്രൂപ്പും. കൊച്ചിയിൽ വിവിധ ഭാഗങ്ങളിലായി ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് വിവിധ കമ്പനികൾ നിക്ഷേപം നടത്താനൊരുങ്ങുന്നത്.

കൊച്ചി കളമശ്ശേരിയിലെ എച്ച് എം ടി, ഇടയാർ, അങ്കമാലിയിലെ പാറക്കടവ് എന്നീ സ്ഥലങ്ങളിലാണ് ലോജിസ്റ്റിക് പാർക്കുകൾ ഒരുങ്ങുന്നത്. യൂറോപ്പിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രധാനികളാണ് അമേരിക്കൻ കമ്പനിയായ പാനറ്റോണി. ഇടയാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 100 ഏക്കർ സ്ഥലത്താണ് കമ്പനി ലോജിസ്റ്റിക് പാർക്ക് ആരംഭിക്കാൻ പദ്ധതിയിടുന്നത്.

കമ്പനിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കൊച്ചി കളമശ്ശേരിയിലെ എച്ച്എംടിക്ക് സമീപം 70 ഏക്കർ സ്ഥലത്താണ് അദാനിയുടെ നിക്ഷേപത്തിൽ ലോജിസ്റ്റിക് പാർക്ക് ഒരുങ്ങുന്നത്. പ്രാഥമികമായി പാർക്ക് നിർമിക്കുന്നതിന് 500 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

നിലവിൽ ഇ- കൊമേഴ്‌സ് പ്രമുഖരായ ഫ്‌ളിപ്കാർട്ടിന്റെ ലോജിസ്റ്റിക് ഏരിയ കളമശ്ശേരിയിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. 5.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് സ്ഥലം ഒരുങ്ങുന്നത്. ബെംഗളൂരു ആസ്ഥാനമായ ഒരു കമ്പനിയാണ് അങ്കമാലിയിലെ പാറക്കടവിൽ മൂന്നാമത്തെ ലോജിസ്റ്റിക് പാർക്ക് ആരംഭിക്കുന്നത്. 2.5 ലക്ഷം ചതുരശ്ര അടിയിലാണ് ഇവിടെ സൗകര്യം ഒരുങ്ങുന്നത്.

കൊച്ചി തുറമുഖത്തിന്റെ സാമീപ്യവും വിഴിഞ്ഞം തുറമുഖത്തിലേക്ക് എളുപ്പത്തിൽ എത്താനുള്ള സൗകര്യവും എയർപോർട്ട് അടക്കമുള്ള സൗകര്യങ്ങളുമാണ് കൊച്ചിയിൽ ലോജിസ്റ്റിക് പാർക്കുകളുടെ സാധ്യതകൾ വർധിപ്പിക്കുന്നത്.

പുതുതായി ആരംഭിക്കുന്ന ലോജിസ്റ്റിക് പാർക്കുകളിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അന്താരാഷ്ട്ര പ്രോപ്പർട്ടി കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ 2023-ലെ റിപ്പോർട്ട് പ്രകാരം കൊച്ചിയിലെ വെയർഹൗസിങ് മാർക്കറ്റ് കുത്തനെ വർധിക്കുകയാണ്. വെയർഹൗസിംഗ് മാർക്കറ്റിലെ ഇടപാടുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 2022-23 ൽ 239% വർധിച്ച് 0.9 മില്യൺ ചതുരശ്ര അടിയായി ഉയർന്നിരുന്നു.