Kerala

പാര്‍ട്ടിക്ക് പേരിട്ട് അന്‍വര്‍ ഇനി കേരളത്തിലും ഡിഎംകെ

മലപ്പുറം: ഇടതിനോട് ഇടഞ്ഞ പി.വി. അന്‍വര്‍ എം.എല്‍.എ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് അന്‍വര്‍ നയിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര്.

ഞായറാഴ്ച മലപ്പുറം മഞ്ചേരിയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തും

പേരുപോലതന്നെ, തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കും. സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെയിലേക്കുള്ള അന്‍വറിന്റെ കൈ കോര്‍ക്കല്‍ വലിയ ചര്‍ച്ചകളിലേക്ക് നീങ്ങുകയാണ്. ഡിഎംകെയ്ക്ക് കേരളത്തില്‍ വേരൂന്നാന്‍ കിട്ടിയ മികച്ച അവസരമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

അതേസമയം, അന്‍വര്‍ എം എല്‍ എ. ഡി എം കെ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടെന്നും അന്‍വറിന്റെ മകന്‍ സെന്തില്‍ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലെ കെ ടി ഡി സി റെയിന്‍ ഡ്രോപ്സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ എ എം മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം. ഇവരെക്കൂടാതെ, ഡി എം കെയുടെ രാജ്യസഭാംഗം എം എം അബ്ദുള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായും വിവരമുണ്ട്.