World Americas

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാഹാരിസിന് പിന്തുണയുമായി എ.ആർ റഹ്മാനും

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ സംഗീതജ്ഞൻ എ.ആർ റഹ്മാൻ.

കമലയ്ക്ക് പന്തുണയറിച്ച്‌ 30 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനത്തിന്റെ വീഡിയോ റഹ്മാൻ റെക്കോർഡ് ചെയ്‌തു. നവംബർ 5ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കമലയുടെ പ്രസിഡൻഷ്യല്‍ പ്രചാരണത്തിന് ഇത് വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലയ്ക്ക് പിന്തുണയറിയിച്ച്‌ രംഗത്തുവന്ന പ്രശസ്ത അന്താരാഷ്ട്ര കലാകാരില്‍ ആദ്യത്തെയാളാണ് റഹ്മാൻ. ദി ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ് വിക്ടറി ഫണ്ട് ( എഎപിഐ) സംഘടിപ്പിക്കുന്ന പരിപാടിയില്‍ റഹ്മാൻ കമലയ്ക്കു വേണ്ടി റെക്കോർഡ് ചെയ്ത വീഡിയോ പ്രദർശിപ്പിക്കും. റഹ്മാൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളെ ഉള്‍പ്പെടുത്തി 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് കമലയ്ക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്.

അമേരിക്കയുടെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്നവർക്കുള്ള ഐക്യദാർഢ്യമാണ് ഈ പ്രകടനത്തിലൂടെ റഹ്മാൻ ലക്ഷ്യം വെക്കുന്നതെന്ന് എഎപിഐ വിക്ടറി ഫണ്ട് ചെയർമാൻ ശേഖർ നരസിംഹൻ പറഞ്ഞു. കേവലം ഒരു സംഗീത പരിപാടി എന്നതിലുപരി, രാജ്യത്തിന്റെ പുരോഗതിക്കായി വോട്ടുചെയ്യാനുള്ള ആഹ്വാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എഎപിഐയുടെ സ്പോണ്‍സർഷിപ്പില്‍ നടക്കുന്ന പരിപാടിയിലാണ് റഹ്മാന്റെ പ്രകടനം റെക്കോർഡ് ചെയ്തുള്ള വീഡിയോ പ്രദർശിപ്പിക്കുക. എന്നാല്‍ പരിപാടിയുടെ തിയ്യതിയോ സമയമോയ സംഘാടകർ അറിയിച്ചിട്ടില്ല.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ആദ്യം പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരരംഗത്തു നിന്ന് ബൈഡൻ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന കമല പ്രസിഡന്റ് സ്ഥാനാർഥിയാവുകയായിരുന്നു. പിന്നീട് പോരാട്ടം കമല ഹാരിസും ട്രംപും തമ്മിലായി. ഒട്ടുമിക്ക അഭിപ്രായ സർവേകളിലും കമല ഹാരിസിനാണ് മുൻതൂക്കം. എങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയും പ്രതീക്ഷ കൈവിടാൻ തയാറല്ല.

പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതടക്കം ആഗോള വിഷയങ്ങള്‍ തുടങ്ങി കമല ഹാരിസിൻ്റെ ഭർത്താവിൻ്റെ മുൻ കാമുകിക്കെതിരായ അതിക്രമം വരെ തെരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയമാണ്. മാറിമാറിയാൻ സാധ്യതയുള്ള അഭിപ്രായ സർവേകളുടെ പ്രവചനം മാറ്റിനിർത്തിയാല്‍ വിജയം ആർക്കൊപ്പമെന്ന് ഉറപ്പിച്ച്‌ പറയുക പ്രയാസമാണ്.