Business

സ്മാര്‍ട്ടായി സേവ് ചെയ്യാണോ?, ശ്രദ്ധിക്കാം ഈ നാലുകാര്യങ്ങള്‍..

നല്ല ജോലിയും വരുമാനവുമുണ്ട്. പക്ഷെ സമ്പാദ്യം.. ഇന്നത്തെ യുവതലമുറയില്‍ ചിലര്‍ സ്മാര്‍ട്ടായി സേവിങ് ചെയ്യുന്നവരാണെങ്കില്‍ ചിലര്‍ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ പൈസ സൂക്ഷിക്കാന്‍ അറിയാത്തവരുമാണ്. ചിലരാകട്ടെ ജോലി കിട്ടിയ ശേഷം ചെയ്യാനുള്ള ഒത്തിരി കാര്യങ്ങള്‍ സ്വപ്‌നം കണ്ടുവച്ചിട്ടുണ്ടാകും. വിദ്യാഭ്യാസ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ പിന്നെ പ്രതീക്ഷിച്ച രീതിയിലൊരു യാത്ര പോലും നടത്താന്‍ സാധിച്ചെന്നുവരില്ല. പണം കൈമാറ്റം ഡിജിറ്റല്‍ ആയതോടെ സത്യത്തില്‍ ചെലവാകുന്ന തുകയെക്കുറിച്ച് പലരും ബോധവന്മാരുമല്ല. 10, 20 എന്നിങ്ങനെ ചായയ്ക്കും ചോക്ലേറ്റിനുമായി ചെലവഴിക്കുമ്പോള്‍ പോലും പോകുന്നത് നിസാരതുകയല്ലേ എന്ന മാനസികാവസ്ഥയിലായിരിക്കും നാം. പക്ഷെ ഇത് നിത്യവും തുടരുകയാണെങ്കില്‍ മാസാവസാനം ഇതെല്ലാം കണക്കുകൂട്ടി നോക്കുമ്പോള്‍ കണ്ണുതള്ളും.

ബജറ്റ് ക്രമീകരിക്കുക

നിക്ഷേപത്തിലേക്ക് തിരിയും മുന്‍പ് നിങ്ങളുടെ കൈയില്‍ വരികയും പോവുകയും ചെയ്യുന്ന പണത്തിന്റെ കണക്ക് കൃത്യമായി സൂക്ഷിക്കുക. മാസംതോറും നിങ്ങളടയ്ക്കുന്ന ബില്‍, കടത്തിന്മേലുള്ള തിരിച്ചടവ്, നിക്ഷേപം എന്നിവ ഉള്‍പ്പെടുത്തി വേണം ചെലവ് കണക്കുകൂട്ടേണ്ടത്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൂച്ചുവിലങ്ങിടുന്നില്ലെന്നും ഉറപ്പുവരുത്തണം. ഒരു രൂപയാണെങ്കില്‍ പോലും അതെവിടെ പോകുന്നു എന്ന കാര്യത്തില്‍ ഉറപ്പുവരുത്തണം. അധികമായി പണംചെലവഴിക്കുന്നതിന് ഒരു തടയിടാന്‍ ഒരു പരിധിവരെ സഹായിക്കും. വേണമെങ്കില്‍ ബഡ്ജറ്റ് ആപ്പുകളുടെ സഹായവും തേടാം

ചെലവഴിക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ചെലവഴിക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കുന്നത് പണച്ചെലവ് തടയാനുള്ള മികച്ച മാര്‍ഗമാണ്. നിങ്ങള്‍ ഒരു മാസം എത്ര തുക ചെലവഴിക്കണമെന്ന് നേരത്തേ നിശ്ചയിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്.

ഫൈനുകള്‍ ഒഴിവാക്കുക

പിഴ ഒഴിവാക്കുന്നതിനായി ബില്ലുകളെല്ലാം കൃത്യസമയത്ത് അടയ്ക്കാനായി ശ്രദ്ധിക്കണം. ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റായാല്‍ ആദ്യം തന്നെ അടയ്ക്കാനുള്ള ബില്ലുകളെല്ലാം അടയ്ക്കാം. ഒരു രൂപയാണ് പിഴയെങ്കിലും അനാവശ്യമായി പണം കളയാതിരിക്കാനായി ശ്രദ്ധിക്കുക.

ഓട്ടോമേറ്റ് സേവിങ്‌സ്

ശമ്പളം ക്രെഡിറ്റാകുമ്പോള്‍ തന്നെ ഒരു നിശ്ചിത തുക സേവിങ്‌സിലേക്ക് പോകുന്ന തരത്തില്‍ ക്രമീകരിക്കുന്നത് നന്നായിരിക്കും. പ്രതിമാസം നിശ്ചിത തുക ഇപ്രകാരം സേവിങ്‌സില്‍ എത്തിച്ചേരുകയും ചെയ്യും.