സോഷ്യല്‍മീഡി കണ്ടന്റ് ക്രിയേറ്റേർസ് എന്നത് പുതിയൊരു വരുമാനമാർഗമായി മാറിയിരിക്കുകയാണ് ഇന്നത്തെ കാലത്ത്. ഇത്തരം ക്രിയേറ്റേഴ്സിന്റെ ഒരു പ്രധാന വരുമാനമാർഗം പ്രമോഷൻ വീഡിയോകളാണ്. എന്നാൽ അത്തരത്തിലുള്ള പ്രമൊഷനുകള്‍ ചിലപ്പോള്‍ വലിയ തിരിച്ചടിയും നല്‍കിയേക്കാം. ഇത്തരത്തില്‍ പ്രമോഷനുകൾ ചെയ്താൽ പുറകേ വരുന്ന ‘പണി’ എന്തൊക്കെയെന്ന് അറിയാമോ? ഫിഷിംഗ് കാമ്പെയ്‌നുകളാണ് ഇതിലൊന്ന്. ബ്രാൻഡ് പ്രമോഷൻ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇത്തരം ഹാക്കർമാർ മെയിൽ അയ്ക്കും. ഇതിലൂടെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് ക്ലൗഡ്സെകിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹാക്കർമാർ എങ്ങനെയാണ് പദ്ധതിയിടുന്നതെന്ന് അറിയണ്ടേ?
ഹാക്കർമാർ ആദ്യം ഏതെങ്കിലും പ്രമുഖ ബ്രാൻഡെന്ന രീതിയിലാകും സ്വയം പരിചയപ്പെടുത്തുക. തുടർന്ന് ആളുകൾക്ക് കാര്യങ്ങൾ വിശദീകരിക്കുന്ന അറ്റാച്ച്‌മെൻ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി മെയിൽ അയച്ചു നൽകും. കരാറുകൾ അല്ലെങ്കിൽ പ്രൊമോഷണൽ മെറ്റീരിയലുകൾ കെെമാറുന്നതിനായി OneDrive പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്ന പാസ്‌വേഡ് പരിരക്ഷിത ഫയലുകൾ അയച്ചു നൽകും. ഇതിലാണ് ഏറ്റവും വലിയ ചതി ഒളിഞ്ഞിരിക്കുന്നത്.
സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയും കരാറും പ്രൊമോഷണൽ മെറ്റീരിയലുകളും അടങ്ങുന്ന പാസ്‌വേഡ് പരിരക്ഷിത ഫയൽ ആക്‌സസ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും അയച്ചു നൽകും. ഇത് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ലോഗിൻ ക്രെഡൻഷ്യലുകളും സാമ്പത്തിക വിവരങ്ങളും ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ ഹാക്കർമാർക്ക് നിങ്ങളിൽ നിന്ന് ചോർത്തിയെടുക്കാൻ കഴിയും. ഒപ്പം സിസ്റ്റങ്ങളിലേക്ക് റിമോട്ട് ആക്‌സസ് നൽകുകയും ചെയ്യും.
കൃത്യമായ മേൽവിലാസമുള്ള ഇമെയിലിൽ നിന്ന് മെയിൽ വരുന്നത് കൊണ്ടുതന്നെ അവ വിശ്വസനീയമാണെന്ന് തോന്നിപ്പിക്കുകയും ആളുകൾ അറ്റാച്ച് ചെയ്‌ത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ യൂട്യൂബർമാരെ ലക്ഷ്യമാക്കിയുള്ള തട്ടിപ്പുകൾ തടയുന്നതിന് കൃത്യമായ നടപടി ഉണ്ടാകുമെന്നും അവ ശക്തമാക്കുമെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Add Comment