Local

പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം, മന്ത്രവാദിനിയും ഭർത്താവുടക്കം നാലുപേർ പിടിയിൽ

കാസർഗോഡ്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുല്‍ റഹ്മയിലെ എം സി അബ്ദുല്‍ ഗഫൂർ ഹാജി ( 55) യുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന യുവതിയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.

മേല്‍പറമ്ബ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിൻ്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ൻ്റെയും ബേക്കല്‍ ഇൻസ്പെക്ടർ കെ പി ഷൈൻ്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് ടീം അറസ്റ്റ് ചെയ്തത്..

സ്വർണം കൈക്കലാക്കിയ ശേഷം പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച്‌ സ്വർണം മൂന്നോളം ജ്വല്ലറികളില്‍ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വർണ വ്യാപാരികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

2023 ഏപ്രില്‍ 14ന് നടന്ന കൊലപാതകത്തില്‍ ഒടുവില്‍ അന്വേഷണം നടത്തിയത് ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ൻ്റെയും ബേക്കല്‍ ഇൻസ്പെക്ടർ കെ പി ഷൈൻ്റെയും നേതൃത്വത്തിലായിരുന്നു. കർമസമിതിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ നടന്ന ഇടപെടലുകളാണ് ഈ കേസ് തെളിയിക്കപ്പെടാൻ കഴിഞ്ഞത്. ഗഫൂർ ഹാജിയുടെ കുടുംബാംഗങ്ങളും കർമസമിതിയും നാട്ടുകാരും ഉള്‍പ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

പിതാവിന്‍റെ മരണത്തിലും, ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന യുവതിയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂർ ഹാജിയുടെ മകൻ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത്. യുവതിയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അകൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തിയതായി വിവരമുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ചോദ്യം ചെയ്യലിൻ്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ത്തി യുവതിയുടെ സഹായികള്‍ അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന് കർമസമിതി പ്രവർത്തകർ വ്യക്തമാക്കി. വീഡിയോ ചിത്രീകരണമടക്കം സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങള്‍ പാലിച്ചാണ് സംശയമുള്ളവരെ ചോദ്യം ചെയ്തതെന്ന് വ്യക്തമാക്കി ആരോപണങ്ങള്‍ പൊലീസ് തള്ളിയിരുന്നു. വാടക ക്വാർടേഴ്സില്‍ താമസിക്കുന്ന സഹായികളില്‍ ചിലർ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച്‌ വാഹന വായ്പ തീര്‍ത്തതും യുവതിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊകേഷൻ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതും അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായി വിവരമുണ്ട്.

മരിച്ചയാളും യുവതിയും തമ്മില്‍ കൈമാറിയ വാട്സ് ആപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട 596 പവൻ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികളാണ് അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുള്ളത്. മരിച്ച ഗഫൂർ ഹാജിയില്‍ നിന്നും യുവതി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിൻ്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അരലക്ഷത്തിലധികം സ്വർണ നിറമുള്ള ഈയ കടലാസിലെഴുതിയ ആഭിചാര തകിടിന് ഇരയില്‍ നിന്നും ഈ സംഘം 55,000 രൂപ ഈടാക്കി വന്നതടക്കമുള്ള വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.