Politics

തോൽവിയിൽ തകർന്ന് ബിജെപി, ഭരണമുള്ള നഗരസഭയിൽ 7000 വോട്ടിൻ്റെ കുറവ്‌

തങ്ങളുടെ കുത്തകയായ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയർന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇക്കുറി ബി ജെ പി.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ അത് 5 ശതമാനത്തിലേറെ ഉയർന്ന് 70 ശതമാനമായി. ഇതോടെ തങ്ങളുടെ വോട്ടുകളെല്ലാം പോള്‍ ചെയ്യപ്പെട്ടുവെന്നും 8000ത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്നും ബി ജെ പി അവകാശപ്പെട്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബി ജെ പി നഗരസഭയില്‍ നേരിട്ടിരിക്കുന്നത്. 7000 വോട്ടിന്റെ നഷ്ടമാണ് ബി ജെ പിക്ക് ഇവിടെ സംഭവിച്ചത്.

മണ്ഡലത്തിലെ പകുതിയിലധികം വോട്ടും ഉള്ളത് 52 വാർഡുകള്‍ ഉള്ള നഗരസഭയിലാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 34,143 വോട്ടാണ് എൻ ഡി എയ്ക്ക് ഇവിടെ നേടാനായത്. അതായത് 2016 നെ അപേക്ഷിച്ച്‌ 6000 വോട്ടുകളുടെ ലീഡ്. രണ്ടാംസ്ഥാനത്തെത്തിയ യു ഡി എഫിന് 27,905 വോട്ടും എല്‍ ഡി എഫിന് 16,455 വോട്ടുമാണ് ലഭിച്ചത്.

എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നിരാശയായിരുന്നു ഫലം. അന്ന് കോണ്‍ഗ്രസ് ആണ് നഗരസഭയില്‍ മുന്നേറിയത്. 28,858 വോട്ട് യു ഡി എഫ് നേടിയപ്പോള്‍ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറിന് 29,355 വോട്ടാണ് ലഭിച്ചത്, വെറും 497 വോട്ടുകളുടെ ലീഡ്. എന്നാല്‍ തങ്ങളുടെ ശക്തികേന്ദ്രമായ നഗരസഭയിലെ പല ബൂത്തുകളിലും ഇത്തവണ പോളിംഗ് ഉയർന്നതോടെ ബി ജെ പിയുടെ പ്രതീക്ഷകളും ഉയരുകയായിരുന്നു.

എന്നാല്‍ ബി ജെ പിക്ക് നഗരസഭ പരിധിയില്‍ ഇക്കുറി ആകെ നേടാനായത് 27077 വോട്ട് മാത്രമാണ്. അതായത് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 7066 വോട്ട് . വലിയ സ്വാധീനമുള്ള നഗരസഭയിലെ കല്‍പാത്തി മേഖലകളിലടക്കം കനത്ത ക്ഷീണമാണ് ബി ജെ പിക്ക് നേരിടേണ്ടി വന്നത്. അതേസമയം ശക്തികേന്ദ്രങ്ങളിലടക്കം തകർന്നടിഞ്ഞതില്‍ ബിജെപിയില്‍ മുറുമുറപ്പ് ശക്തമായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ് ബി ജെ പിയുടെ സാധ്യത തല്ലിക്കെടുത്തിയതെന്ന ആക്ഷേപമാണ് ഒരു വിഭാഗം നേതാക്കള്‍ ഉയർത്തുന്നത്.

കൃഷ്ണകുമാറിന്റെ തകർച്ചയില്‍ പാർട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യർ അടക്കം പരിഹാസവുമായി എത്തി. കൃഷ്ണകുമാരും ഭാര്യയ്ക്കും പാലക്കാട് ബി ജെ പിയെ തീറെഴുതി കൊടുത്തതാണ് പാർട്ടിയെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് സന്ദീപ് ആക്ഷേപിച്ചത്. അതേസമയം കനത്ത തോല്‍വിയെ ചൊല്ലി പാർട്ടിയില്‍ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്‌ ശോഭ പക്ഷത്തെ നേതാക്കള്‍ ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയേക്കും.