Politics

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ എൻസിപിയെ തള്ളാതെ മുഖ്യമന്ത്രി

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനങ്ങൾ ഉയരുമ്പോഴും എൻസിപിയെ തള്ളാതെ മുഖ്യമന്ത്രി. ഘടകക്ഷികളെ തള്ളിപ്പറയുന്നത് പാർട്ടി മര്യാദയല്ലെന്നും അവരെ കൂടെ നിർത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ചു കാണണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമ്മേളന കാലത്ത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രസം​ഗം പുറത്തുവരുന്നത്.

എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ തള്ളിയായിരുന്നു സമ്മേളനത്തിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കുട്ടനാട്ടിൽ വിയർപ്പൊഴുക്കുന്നത് പാർട്ടിയാണ്. കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടത് പാർട്ടിയാണ്. തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു.

തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎൽഎ എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ വിമർശനം ഉയർന്നത്. കരാറുകാരിൽ നിന്നും എംഎൽഎ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവും ഉയ‍ർന്നിരുന്നു.

സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയ‍ർന്നു. എൻസിപി മാത്രമല്ല സിപിഐയും ആളില്ലാത്ത പാർട്ടിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. സിപിഐഎമ്മിൻ്റെ തണലിലാണ് സിപിഐ നിലനിൽക്കുന്നത്. കുട്ടനാട്ടിൽ അഭിപ്രായ ഭിന്നത ഉള്ളവരെ സിപിഐ അടർത്തിയെടുത്തുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.