Politics

പൊലീസ് പരിശോധന തിരക്കഥയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ നടന്ന പൊലീസ് പരിശോധന തിരക്കഥയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വാര്‍ത്തയായില്ലല്ലോ. അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ അതിലും അപാകതയുണ്ടായിരുന്നു. സ്ത്രീകളുടെ മുറിയില്‍ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റിവെച്ച് പ്രതിഷേധിക്കും. ഒന്നും പറയാന്‍ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു പരിശോധനയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പാലക്കാട് കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 2.45ഓടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടല്‍ കെട്ടിടം മുഴുവന്‍ പരിശോധിക്കണമെന്നായിരുന്നു എല്‍ഡിഎഫിന്‌റെയും എന്‍ഡിഎയുടെയും ആവശ്യം. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്‌റ് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല.ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.

ഷാഫി പറമ്പിലിന്‌റെ വാക്കുകള്‍

സ്വാഭാവിക പരിശോധനയല്ല. പരിശോധന തിരക്കഥയുടെ ഭാഗമാണ്. സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെയാണ് കയറിയത്. അവര്‍ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ മുറികളിലും പരിശോധന നടന്നു, പക്ഷേ എന്ത് കൊണ്ടാണ് ഇത് വാര്‍ത്തയാകാതിരുന്നത് മാധ്യമപ്രവര്‍ത്തകരെയും സംശയം ഉണ്ടെന്ന് പറഞ്ഞു. ഇതിനെതിരെ ആരും പ്രതികരിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയെയാണ് അവിടെ ചോദ്യം ചെയ്തത്. പരിശോധന നടക്കുന്നുണ്ടെന്ന വിവരം പൊലീസ് ആദ്യം മാധ്യമങ്ങളെ അറിയിച്ചു. ഇതൊക്കെ എങ്ങനെ പുറത്ത് വരുന്നു? ഒന്നും പറയാന്‍ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ഈ പരിശോധന. എ എസ്പി തന്നെ ഒന്നും കണ്ടെത്തിയില്ലെന്ന് പറഞ്ഞു. പരിശോധനയുടെ റിപ്പോര്‍ട്ട് വേണമെന്ന് മാത്രമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടില്‍ പോലും അപാകതയുണ്ടായിരുന്നു. പൊലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടന്നു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഉണ്ടയില്ലാത്ത വെടി പോലെയാണ്. ബിജെപി-സിപിഐഎം പരസ്പരം അപരന്മാരെ പോലും വെച്ചിട്ടില്ല. സ്ത്രീകളുടെ മുറിയില്‍ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റി വെച്ച് നേരിടും. നിയമപരമായി നീങ്ങും. തൃശൂര്‍ പൂരം പോലൊരു സമയത്ത് ഗൂഢാലോചന നടത്തിയവര്‍, ഇവിടെയും നടത്തും. ഹോട്ടലില്‍ ട്രോളി കൊണ്ടുവന്നവരെ എല്ലാം പരിശോധിക്കട്ടെ. എത്ര പേര്‍ വാഹനത്തില്‍ വരുന്നു കോണ്‍ഗ്രസിന്റെ പരാതിയില്‍ പൊലീസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ച് മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. ഇലക്ഷന്‍ കമ്മീഷന്‍ എല്ലാം കഴിഞ്ഞാണ് എത്തിയത്. വിവരം ലഭിച്ചിരുന്നില്ല എന്നായിരുന്നു മറുപടി. ഇതാണ് ഏറ്റവും വലിയ ദുരൂഹത. ഡിവൈഎസ്പി ഏരിയ സെക്രട്ടറിയെ പോലെയാണ് പെരുമാറിയത്. ബന്ധപ്പെട്ടവര്‍ മറുപടി തരണം, അതുവരെ പോരാട്ടം നടത്തും.