വയനാട്: കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐ സ്ഥാനാർഥി സത്യൻ മൊകേരി. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസിന് താത്പര്യമില്ലെന്നും ആർഎസ്എസുമായി പോരാടാതെ ഇടതുമുന്നണിയുമായി പോരാടാനാണ് കോൺഗ്രസിന് താത്പര്യമെന്നും സത്യൻ മൊകേരി പറഞ്ഞു.
‘ആർഎസ്എസിനെതിരായ ശക്തമായ പോരാട്ടത്തിന് തയ്യാറാകാതെ ഇടതുമുന്നണിയുമായി മത്സരിക്കാനാണ് കോൺഗ്രസിന് താത്പര്യം. ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്തുന്ന സമീപനമാണിത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ലാത്ത ഭീരുക്കളെപ്പോലെ ഒളിച്ചോടുകയല്ല വേണ്ടത്’; സത്യൻ മൊകേരി പറഞ്ഞു. ഇൻഡ്യ സഖ്യത്തിൻ്റെ അന്തഃസത്ത കോൺഗ്രസ് കളഞ്ഞുകുളിച്ചുവെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു.
പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ വോട്ടർമാർ വരാത്തതുകൊണ്ടാണ്. വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് തോൽക്കാൻ പോകുന്ന മണ്ഡലം എന്ന പ്രചാരണം ഉണ്ടായിരുന്നതുകൊണ്ടുതന്നെ പലരും വോട്ട് ചെയ്യാൻ വന്നിട്ടില്ല. പക്ഷെ പാർട്ടി എല്ലാവരെയും ബൂത്തിലെത്തിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി തന്നെ കാണാൻ വന്നത് ഒരു പ്രതിരോധത്തിന്റെ ഭാഗമാണെന്നും സൗഹൃദ മത്സരമെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമമെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു.
Add Comment