Politics

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തളിപ്പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കം പ്രമുഖ നേതാക്കൾ സമ്മേളനത്തില്‍ പങ്കെടുക്കും.

സിപിഐഎമ്മിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഘടനാ കരുത്തുള്ള ജില്ലയാണ് കണ്ണൂര്‍. 65,550 അംഗങ്ങളാണ് കണ്ണൂരില്‍ പാര്‍ട്ടി അംഗങ്ങളായി ഉള്ളത്. ഈ അംഗങ്ങളെ പ്രതിനിധീകരിച്ച് 496 പ്രതിനിധികളും 51 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. തുടര്‍ഭരണത്തിലെ രാഷ്ട്രീയ പ്രതിസന്ധിയോടൊപ്പം ഇ പി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയും ആത്മകഥാ വിവാദവും എഡിഎം നവീന്‍ ബാബുവിന്റെ മരണവും മനു തോമസ് ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങളും നേതാക്കളുടെ ബിനാമി സ്വത്ത് സമ്പാദന ആരോപണങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എം വി ജയരാജന്‍ ഒഴിവായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ടേം വ്യവസ്ഥ പ്രകാരം എം വി ജയരാജന്‍ മാറേണ്ട സാഹചര്യം ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒഴിഞ്ഞേക്കും. കെ കെ രാഗേഷോ ടി വി രാജേഷോ ജില്ല സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്. മൂന്നാം തീയതിയാണ് സമ്മേളനം സമാപിക്കുക.

Tags