Politics

പെട്ടിയിൽ തട്ടി കലങ്ങി പാലക്കാട്, പ്രവൃത്തിയും വാക്കും പിഴയ്ക്കുന്നു, കെ.എം മാണി അഴിമതിക്കാരനെന്ന പരാമർശത്തിൽഘടകകക്ഷികൾക്കും നീരസം

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന പാര്‍ട്ടി സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മില്‍ കടുത്ത അതൃപ്തി.

പാര്‍ട്ടി വിഷയം പ്രത്യേകമായി ഉന്നയിക്കവേ സംസ്ഥാന സമിതി അംഗമായ കൃഷ്ണദാസ് അതിനെ നിരാകരിച്ച്‌ കൊണ്ട് രംഗത്തെത്തിയതിലാണ് അതൃപ്തി.

കൃഷ്ണദാസ് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമല്ല. ഇനിയും ഈ തരത്തിലുള്ള പ്രതികരണം കൃഷ്ണദാസ് നടത്തുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞിരുന്നു. ജനങ്ങളുടെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിനെ മുന്‍നിര്‍ത്തി സിപിഎം നടത്തുന്ന ആരോപണങ്ങളെ തള്ളിയാണ് കൃഷ്ണദാസിന്റെ ഈ അഭിപ്രായ പ്രകടനം.

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ഒരു പൈസ പോലും ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അടക്കമുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനുള്ള യുഡിഎഫ്-ബിജെപി ശ്രമം ആണ് പെട്ടി വിവാദത്തിന് പിന്നില്‍. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തല വെച്ച്‌ കൊടുക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു.

പെട്ടി പ്രശ്നം ദൂരേക്ക് വലിച്ചെറിയണം. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഈ കാര്യം ഓര്‍മിക്കണം. പെട്ടി വലിച്ചെറിയാന്‍ തീരുമാനിച്ചു. പെട്ടി സംസാരിക്കുന്നവര്‍ അത് സംസാരിക്കട്ടെ. ഞങ്ങള്‍ മനുഷ്യരുടെ പ്രശ്നമാണ് ചര്‍ച്ച ചെയ്യുന്നത്. കള്ളപ്പണമാണെന്ന് പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് തെരത്തെടുപ്പില്‍ രാഷ്ട്രീയമാണ് ചര്‍ച്ചയാക്കേണ്ടത്. രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. രാഷ്ട്രീയം ചര്‍ച്ചയാകാതെ ഇരിക്കാനാണ് മഞ്ഞ പെട്ടി , നീല പെട്ടി എന്ന് പറഞ്ഞു വരുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേ സമയം ഇടതുമുന്നണിയുടെ പ്രചരണത്തിൻ്റെ ചുക്കാൻ പിടിക്കുന്ന സിപിഎമ്മിൽ തൊട്ടതെല്ലാം വിവാദമാവുകയാണ്. ആദ്യഘട്ടത്തിൽ യുഡിഎഫിലായിരുന്നു അങ്കലാപ്പെങ്കിൽ ഇപ്പോൾ സിപിഎമ്മിലേക്ക് മാറി.

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാറും മന്ത്രി എം.ബി രാജേഷും പാലക്കാട് തമ്പടിച്ച് പ്രവർത്തിച്ചിട്ടും ഇലക്ഷൻ സ്ട്രാറ്റജി നിർണയിക്കാൻ കഴിയുന്നില്ല. അതിനിടെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ഇടതുപക്ഷ പ്രതിനിധികളും എതിരാളികളുടെ കെണിയിൽ വീഴുകയാണ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചർച്ചയിൽ നിധിൻ കണിച്ചേരി കെ.എം മാണി അഴിമതിക്കാരനായിരുന്നു എന്ന് പറഞ്ഞത് സിപിഎമ്മിനെ വെട്ടിലാക്കി.

ഇതിനെതിരെ കേരള കോൺഗ്രസ് പ്രതിഷേധത്തിലാണ്. കോൺഗ്രസ് പ്രതിനിധി അബിൻ വർക്കിയുടെ കെണിയിൽ നിധിൻ കണിച്ചേരി വീഴുകയായിരുന്നു.

ബാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയും വി.എം സുധീരനും ഒത്തുകളിച്ചതാണെന്ന് നിധിൻ പറഞ്ഞപ്പോൾ, കെ.എം മാണി അഴിമതിക്കാരനാണോ എന്ന ചോദ്യം അബിൻ വർക്കി ചോദിച്ചു.അതിൽ വീണ നിധിൻ കെ.എം മാണി അഴിമതിക്കാരനായിരുന്നു എന്ന് പറയുകയായിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment