ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലത്തിൽ ശ്രേയസ് അയ്യരിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തുമെന്ന് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. ‘കഴിഞ്ഞ ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിക്കുമ്പോൾ ശ്രേയസ് അയ്യരായിരുന്നു അവരുടെ നായകൻ. വീണ്ടും ശ്രേയസ് ലേലത്തിലേക്ക് പോകുമ്പോൾ കൊൽക്കത്ത വീണ്ടും ശ്രേയസിനായി രംഗത്തെത്തിയേക്കും. കൊൽക്കത്ത അങ്ങനെ ചെയ്തില്ലെങ്കിൽ ഡൽഹി ശ്രേയസിനായി രംഗത്തെത്തുമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യരിന് ഇടം ഉണ്ടായിരുന്നില്ല. ഒന്നാം ചോയ്സ് താരമായി കൊൽക്കത്ത നിലനിർത്തിയത് റിങ്കു സിങ്ങിനെയാണ്. 13 കോടി രൂപയ്ക്കാണ് റിങ്കുവിനെ നിലനിർത്തിയിരിക്കുന്നത്. വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും ആന്ദ്ര റസ്സലിനും 12 കോടി രൂപ വീതം ലഭിക്കും. അൺക്യാപ്ഡ് താരമായി ഹർഷിത് റാണയെയും രമൺദീപ് സിങ്ങിനെയും കൊൽക്കത്ത നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും നാല് കോടി രൂപ വീതം ശമ്പളം ലഭിക്കും. മിച്ചൽ സ്റ്റാർക്, ഫിൽ സോൾട്ട്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ എന്നിവരും കൊൽക്കത്ത നിരയിൽ നിന്ന് ലേലത്തിനെത്തും. 51 കോടി രൂപയാണ് കൊൽക്കത്തയ്ക്ക് ലേലത്തിൽ ചിലവഴിക്കാൻ കഴിയുക.
നവംബർ 24, 25 തിയതികളിലാണ് ഐപിഎൽ മെഗാലേലം നടക്കുക. സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുന്നത്. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 പേര് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചവരാണ്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.
Add Comment