Sports

‘ഞാൻ ടീമിൻ്റെ ഗ്രാഫ് നോക്കുന്നത് അഞ്ചോ, മൂന്നോ വർഷങ്ങളിലാണ്, വിമർശിക്കാൻ സമയമായിട്ടില്ല’; യുവരാജ് സിംഗ്

ഓസ്‌ട്രേലിയയുമായുള്ള ബോർഡർ-ഗവസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ പരമ്പര തോൽവിക്ക് ശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഗംഭീറിൻ്റെയും രോഹിത് ശർമയുടെയും സ്ഥാനം പുനർമൂല്യനിർണയം നടത്തട്ടെ എന്നും അത് വരെ ഇരുവർക്കും സാവകാശം നൽകണമെന്നും യുവരാജ് സിംഗ് പറഞ്ഞു.

‘ഞാൻ ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങൾ പരമ്പരകൾ നോക്കൂ..ഒരുപാട് പരമ്പരകൾ ജയിച്ചാൽ മാത്രമേ ആരാധകർ നല്ലത് പറയൂ, എന്നാൽ ഒരു പരമ്പര തോറ്റാൽ തന്നെ വിമർശിക്കപ്പെടും, യുവരാജ് പറഞ്ഞു. ‘ഞാൻ എപ്പോഴും ടീമിൻ്റെ ഗ്രാഫ് നോക്കുന്നത് അഞ്ച് വർഷത്തിലോ മൂന്ന് വർഷങ്ങളിലോ ആണ്. ഗംഭീറിനെ കുറിച്ച് പറയുകയാണെങ്കിൽ അതിനുള്ള സമയമായിട്ടില്ല. രോഹിതിനെ കുറിച്ച് പറയുകയാണെങ്കിൽ രോഹിത് ശർമ ടി20 ലോകകപ്പ് ക്യാപ്റ്റനായി നേടിയിട്ടുണ്ട്, ഏകദിന ലോകകപ്പ് ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു’ യുവരാജ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ജൂലൈയിൽ ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം, ഇന്ത്യ കളിച്ച പത്ത് ടെസ്റ്റ് മത്സരങ്ങളിൽ ആറിലും ഒരു ഏകദിന പരമ്പരയിലും തോറ്റിരുന്നു. കൂടാതെ സീനിയർ താരങ്ങളുടെ മോശം പ്രകടനവും വിമർശനത്തിനടയാക്കി. ശേഷം ഡ്രസിങ് റൂം വിവാദങ്ങളും ഗംഭീറിന് മേൽ അധിക ബാധ്യതയായി നിൽക്കുമ്പോഴാണ് യുവരാജിന്റെ നിരുപാധിക പിന്തുണ.