Sports

പൂർണ ഫിറ്റല്ലെങ്കിൽ ചാംപ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംമ്രയെ കളിപ്പിക്കരുത്; രവി ശാസ്ത്രി

കളിക്കാൻ പൂർണ ഫിറ്റല്ലെങ്കിൽ ചാംപ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംമ്രയെ കളിപ്പിക്കരുതെന്ന നിർദേശവുമായി മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. ബുംമ്ര ഇന്ത്യൻ ടീമിലെ പ്രധാന പേസറും നിർണ്ണായക താരവുമാണ്. എന്നാൽ ചാംപ്യൻസ് ട്രോഫി എന്ന ഒറ്റ ടൂർണമെന്റ് ലക്ഷ്യം കണ്ട് താരത്തെ തിരികെ കൊണ്ടുവന്നാൽ അത് വലിയ അപകടമുണ്ടാക്കുമെന്നും ശാസ്ത്രി പറഞ്ഞു. താരത്തിന് നിലവിൽ വിശ്രമമാണ് വേണ്ടത്. ദീർഘ കാലമായുള്ള ജോലി ഭാരം താരത്തെ തളർത്തുന്നുണ്ട്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലും അതിന്റെ ബുദ്ധിമുട്ട് നമ്മൾ കണ്ടതാണ്, താരത്തിനെ വിശ്രമിക്കാൻ അനുവദിക്കണം, ശാസ്ത്രി കൂട്ടിച്ചേർത്തു.

ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റിനിടെയായിരുന്നു ബുംമ്രയ്ക്ക് പരിക്കേറ്റത്. ശേഷം ഇംഗ്ലണ്ട് ടി 20 പരമ്പരയിൽ നിന്നും ബുംമ്ര മാറി നിന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം നൽകിയെങ്കിലും മത്സരത്തിന് അദ്ദേഹമുണ്ടാവില്ല എന്നാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

ബുംമ്രയ്ക്ക് ചാംപ്യൻസ് ട്രോഫി കളിക്കാനായില്ലെങ്കിൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. സമീപ കാലത്തെ ഐസിസി ടൂർണമെന്റുകളായിരുന്ന ഏകദിന ലോകകപ്പ് 2023 , ടി 20 ലോകകപ്പ് 2024 തുടങ്ങിയവയിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് ബുംമ്രയായിരുന്നു. താരം ചാംപ്യൻസ് ട്രോഫിക്കില്ലെങ്കിൽ അത് ഇന്ത്യയുടെ കിരീട സാധ്യതയെ 30 മുതൽ 35 ശതമാനം വരെ കുറയ്ക്കുമെന്നും രവി ശാസ്ത്രിയും ചർച്ചയിൽ കൂടെയുണ്ടായിരുന്ന മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങും അഭിപ്രായപ്പെട്ടു.

About the author

KeralaNews Reporter

Add Comment

Click here to post a comment