Kerala Local

കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ദ്രുത പരിശീലനം നല്‍കി

കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജീവനക്കാര്‍ക്ക് വേണ്ടി മൂന്ന് ദിവസത്തെ പരിശീലനം കിലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ വികേന്ദ്രീകൃതാസൂത്രണം, സുസ്ഥിര വികസന ലക്ഷ്യം, വിഭവ സമാഹരണം, ജന സൗഹൃദ തദ്ദേശ ഭരണം, പരാതി പരിഹാര സംവിധാനം, തദ്ദേശ നിയമങ്ങളും ചട്ടങ്ങളും ,വസ്തു നികുതി, ഫീല്‍ഡ് തല അന്വേഷണം, കെട്ടിട നിര്‍മ്മാണ ചട്ടം, ലൈസന്‍സ്, ധന മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

തദ്ദേശ ഏകീകൃത വകുപ്പ് രൂപീകരണത്തിന് ശേഷം വ്യത്യസ്ഥ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം ലഭിച്ചത് പ്രകാരം ജനസൗഹൃദ തദ്ദേശ ഭരണം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പരിശീലനം. പരിശീലനം തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ് ഉദ്ഘാടനം ചെയ്തു,

ഇന്റേണല്‍ വിജിലന്‍സ് ഓഫീസർ ടി.ഷാഹുല്‍ ഹമീദ്, തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥരായ എന്‍.എം രമേശൻ,പി.പി.ശ്രീകുമാര്‍, മുന്‍ ഉദ്യോഗസ്ഥനായ കെ.എം പ്രകാശന്‍ ,കില തീമാറ്റിക്ക് എക്സ്പേര്‍ട്ട് സിനിഷ എന്നിവര്‍ ക്ലാസ്സെടുത്തു.

ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ സൂപ്രണ്ട് രഞ്ജിനി സ്വാഗതവും സൂപ്രണ്ട് ഷനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. മൂന്ന് ബാച്ചുകളിലായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതാണ്. പരിശീലനത്തിന് ശേഷം വിഷയ മേഖലകളിലെ അറിവ് പരിശോധിക്കുന്നതിന് പോസ്റ്റ് ടെസ്റ്റ് നടത്തുന്നതാണ്