ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. ഇന്ത്യൻ പാർലമെന്ററി, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു, സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസൽ അൽ റബീഅ എന്നിവർ കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽവെച്ചാണ് കരാർ ഒപ്പിട്ടത്.
ഇന്ത്യക്കാർക്കായി നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വോട്ടയായ 1,75025 തീർത്ഥാടകർ എന്നതാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. ഇത്തവണ 10000ത്തിലധികം സീറ്റുകൾ ഇന്ത്യ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നേരത്തെ ലഭിച്ച ക്വോട്ടയിൽ മാറ്റമില്ലായിരുന്നു.
ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനരൾ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു.
ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യയിൽ നിന്ന് എത്തുന്ന തീർത്ഥാടകെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസടക്കം മന്ത്രി സന്ദർശിക്കും.
Add Comment