ന്യൂഡൽഹി: ലെബനനിലേക്ക് 11 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. സാധനങ്ങൾ കയറ്റിയയച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെയാണ് കയറ്റിയയച്ചത്. കൂടുതൽ മരുന്നുകൾ ഉടൻ അയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളിൽ ഉണ്ടാകും. ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിസന്ധിയിലായ ലെബനന് സഹായവുമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുണ്ട്.
ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ ഒക്‌ടോബർ മുതൽ രാജ്യത്ത് മൊത്തം 2,377 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, 400,000-ത്തിലധികം കുട്ടികൾ ഉൾപ്പെടെ ഏകദേശം 1.2 ദശലക്ഷം ആളുകൾ ലെബനനിൽ പലായനം ചെയ്യപ്പെട്ടുമെന്നാണ് വിവരം.
ഹമാസുകാർ ആയുധംവെച്ചു കീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ തൊട്ടടുത്തദിവസം യുദ്ധം നിർത്തുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരിക്കുന്നത്. ബന്ദികളെ കൈമാറിയാൽ ശേഷിക്കുന്ന ഹമാസുകാർക്ക് ജീവൻ നഷ്ടപ്പെടില്ലെന്നും മറിച്ച് അവരെ മുറിവേൽപ്പിക്കുന്നവരെ വേട്ടയാടുമെന്ന മുന്നറിയിപ്പും നൽകി. ബന്ദികളെ വിട്ടയച്ച് യുദ്ധവിരാമത്തിനുള്ള വഴിയൊരുക്കണമെന്നാണ് ലോക രാജ്യങ്ങളുടെ അഭിപ്രായം.
അതേസമയം, യുദ്ധം അവസാനിപ്പിച്ചാൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിൻവാർ വധത്തിനുശേഷവും തീവ്രവലതു പാർട്ടികളുടെ മന്ത്രിമാരായ ഇതാമർ ബെൻഗ്വിറും ബെസലേൽ സ്‌മോട്രിച്ചും ആവർത്തിച്ചു. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേൽ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതിൽ 23 വിദേശപൗരരടക്കം 101 പേരെയാണ് ഇനി മോചിപ്പിക്കാനുള്ളത്.
Add Comment