ഇന്ത്യയിലെ ഇന്റർനെറ്റ് ലഭ്യതയിൽ വലിയമാറ്റങ്ങൾ വരുത്തിയ ജിയോ പുതിയ അപ്‌ഡേറ്റുമായി എത്തുന്നു. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന 5 ജി നെറ്റ്‌വർക്കിന്റെ അഡ്വാൻസ് വേർഷനായ 5.5 ജി നെറ്റ്‌വർക്കുമായിട്ടാണ് ജിയോ എത്തുന്നത്. നിലവിൽ ലഭ്യമായ 5 ജി നെറ്റ്‌വർക്കിനേക്കാളും വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ നെറ്റ്‌വർക്കിന് സാധിക്കും.
3GPP റിലീസ് 18 സ്റ്റാൻഡേർഡിന് കീഴിൽ വികസിപ്പിച്ചെടുത്ത 5 ജിയുടെ അപ്‌ഡേറ്റഡ് വേർഷനാണ് 5.5 ജി. കൂടുതൽ കവറേജ്, കൂടുതൽ വേഗത്തിലുള്ള അപ്‌ലിങ്ക് – ഡൗൺലിങ്ക് കണക്ടിവിറ്റികൾ എന്നിവയാണ് പുതിയ നെറ്റ്‌വർക്കിൽ ഉള്ളത്. മൾട്ടി-കാരിയർ അഗ്രഗേഷൻ ഉപയോഗിച്ച്, 5.5G നെറ്റ്‌വർക്കുകൾക്ക് 10 Gbps-ന്റെ പീക്ക് ഡൗൺലിങ്കും 1 Gbps-ന്റെ അപ് ലിങ്കുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
പുതിയ 5.5 ജി നെറ്റ്‌വർക്ക് മൾട്ടി-സെൽ കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ വൺപ്ലസ് ഫോണുകളുടെ പുതിയ മോഡലുകളിലായ വൺപ്ലസ് 13, വൺപ്ലസ് 13 ആർ എന്നീ മോഡലുകളിലാണ് ആദ്യമായി 5.5 ജി നെറ്റ്‌വർക്ക് ലഭ്യമാവുക.
5 ജി നെറ്റ്‌വർക്കിൽ 277.78Mbps വരെ ഡൗൺലോഡ് വേഗത കൈവരിച്ച വൺപ്ലസ് 13 5.5 ജി നെറ്റ്‌വർക്കിൽ 1,014.86Mbps വരെ ഡൗൺലോഡ് വേഗത കൈവരിക്കുന്നുണ്ട്. 5.5 നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന ഫോണുകൾക്ക് സ്‌ക്രീനിന്റെ മുകളിൽ ‘5 GA’ ഐക്കൺ ആണ് നൽകിയിരിക്കുന്നത്.
6.82 ഇഞ്ച് ക്വാഡ്-HD+ LTPO 4.1 പ്രോ XDR സ്ക്രീൻ ഉള്ള വൺപ്ലസ് 13 സീരിസ് ഫോണുകളിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുകളാണ് നൽകുന്നത്. 100W വയർഡ് ചാർജിങുള്ള 6000mAh ബാറ്ററിയും ഫോൺ വാഗ്ദാനം ചെയ്യുന്നു. 69,999 മുതൽ 86,999 വരെയാണ് വൺപ്ലസ് 13 ന്റെ വില. വൺപ്ലസ് 13 ആർ ഫോണുകൾക്ക് 6.78 ഇഞ്ച് ഫുൾ-HD+ LTPO സ്‌ക്രീനും സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പുമാണ് ഉള്ളത്. 80W വയർഡ് ചാർജിങുള്ള 6000mAh ബാറ്ററിയും ഫോൺ വാഗ്ദാനം ചെയ്യുന്നു. 42,999 രൂപമുതലാണ് ഫോണിന്റെ വില.
Add Comment