Politics

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; പത്രപരസ്യങ്ങളിൽ വിശദീകരണം നൽകി എൽഡിഎഫ്

പാലക്കാട്: സുപ്രഭാതം, സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണ ദിവസം വന്ന പത്രപരസ്യങ്ങളിൽ വിശദീകരണം നൽകി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ് വിശദീകരണം നൽകിയത്.

പത്രത്തിൽ സന്ദീപ് വാര്യരെക്കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ ആണെന്നാണ് വിശദീകരണം. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല. സ്ഥാനാർഥി ഡോ പി സരിന് പങ്കില്ലെന്നും ചീഫ് ഇലക്ഷൻ ഏജന്റ് പറയുന്നു.

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെയായിരുന്നു സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങളിൽ വിവാദ പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ അഭിപ്രായ പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പത്രപരസ്യമായിരുന്നു എൽഡിഎഫ് നൽകിയത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഉണ്ടായിരുന്നില്ല. ചില പ്രത്യേക പത്രങ്ങൾ മാത്രം പരസ്യത്തിനായി തിരഞ്ഞെടുത്തതാണ് വിവാദമായത്.

അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയത് എന്നതായിരുന്നു ശ്രദ്ധേയം. പിന്നീട് ഈ പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്നായിരുന്നു പരാതി. യഥാർത്ഥത്തിൽ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമായിരുന്നു പരസ്യം നൽകേണ്ടത് എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റിനോട് വിശദീകരണം തേടിയിരുന്നു.