പാലക്കാട്: പാലക്കാട് കുഴല്‍പ്പണ വിവാദത്തില്‍ ഔദ്യോഗിക പരാതി നല്കി സിപിഐഎം. സിപിഐഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ പാലക്കാട് എസ് പി ഓഫീസില്‍ നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്. ഇന്നലെയുണ്ടായ സംഭവ വികാസങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം. സിസിടിവി പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു.
പാലക്കാട്ടെ കുഴല്‍പ്പണ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പാലക്കാട് കോണ്‍ഗ്രസിനായി കള്ളപ്പണം എത്തിയെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. പൊലീസ് എത്തും മുന്‍പ് ആ പണം ഒളിപ്പിച്ചു. എന്തോ മറയ്ക്കാനുണ്ടെന്ന് വ്യക്തമാണ്. കള്ളപ്പണം എത്തിച്ചു എന്ന വിവരം സിപിഐഎമ്മിന് ലഭിച്ചിട്ടുണ്ട്. കള്ളപ്പണം ആരൊക്കെ, ആര്‍ക്കൊക്കെ എവിടെയൊക്കെ വിതരണം ചെയ്യുന്നുവെന്ന് കൃത്യമായി പരിശോധിക്കണം. അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും. സിപിഐഎം നേതാക്കളായ ടി വി രാജേഷ്, നികേഷ് കുമാര്‍ എന്നിവരുടെ മുറികള്‍ പരിശോധിച്ചു. അതിന് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയും പരിശോധിച്ചത്. അതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസിനായി വന്‍ തോതില്‍ കള്ളപ്പണം ഒഴുക്കിയതായി കരുതുന്നുണ്ടെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പാലക്കാട് കള്ളപ്പണം കൊണ്ടുവന്നിട്ടുണ്ട് എന്നുതന്നെയാണ് വിശ്വസിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും വ്യക്തമാക്കി. കള്ളപ്പണം കൊണ്ടുവന്നത് വ്യാജ ഐഡിക്കാര്‍ഡ് നിര്‍മിച്ച കേസിലെ ഒന്നാം പ്രതി ഫെന്നിയാണ്. ഒരു നീല ട്രോളി ബാഗിലാണ് പണം കൊണ്ടുവന്നത്. ഇക്കാര്യങ്ങള്‍ തെളിയിക്കപ്പെടണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിഐ ആദം ഖാന്റെ നേതൃത്വത്തിലാണ് പരിശോധന.
Add Comment