സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ പകുതി കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ എഡിറ്റിങ്ങിനും ബാക് ഗ്രൗണ്ട് സ്കോറിനും തുടങ്ങി എല്ലാ വശങ്ങള്‍ക്കും നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയുടെ കഥാപരിസരമെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങളില്‍ പറയുന്നത്. ബേസിലും സൗബിനും ചെമ്പന്‍ വിനോദ് ജോസും തുടങ്ങി സിനിമയിലെത്തുന്നവരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിലൂടെ കാണികള്‍ പറയുന്നുണ്ട്. കോമഡിയും ത്രില്ലറും ഇഴചേര്‍ന്ന് പോകുന്ന ആദ്യ പകുതി മികച്ച അനുഭവം സമ്മാനിക്കുന്നുവെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായം.
മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ പ്രേമലുവിന്റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്റെ ഈ വർഷത്തെ ആദ്യ സിനിമയായാണ് ചിത്രമെത്തുന്നത്.
അൻവർ റഷീദ് എന്റർടൈയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന് സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ&എ എന്റർടൈയ്ൻമെന്റ്സാണ് ‘പ്രാവിന്കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Add Comment