തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് സംസ്ഥാന അഡ്വൈസറി ബോർഡ് പ്രഥമ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2022 ലെ പ്രിസൺസ് സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയിലെ കണക്കുകൾ പ്രകാരം ജയിലുകളിൽ 75 ശതമാനവും വിചാരണ തടവുകാരാണ് എന്നതും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വിചാരണ തടവുകാരുടെ കണക്കിൽ രാജ്യം പരിതാപകരമായ അവസ്ഥയിലാണ്. സമയബോധമോ പ്രതീക്ഷയോ ഇല്ലാതെ വലിയ വിഭാഗം മനുഷ്യർ ഇന്ത്യയിലെ ജയിലറകളിലുണ്ട്. 2010ലെ പുതിയ ജയിൽ നിയമങ്ങൾ ആധുനിക വീക്ഷണം ഉൾകൊള്ളുന്ന നിയമങ്ങളാണ് എന്നതിൽ സംശയമില്ല. പക്ഷെ അവയിൽ കാലാനുസൃതമായി മാറ്റം വരുത്തേണ്ടതുണ്ട്. അതിനായി സമിതിയെ ചുമതലപ്പെടുത്തിയെന്നും സമിതിയുടെ പരിശോധനയ്ക്കുശേഷം കാലാനുസൃതമായ നിയമവും ചട്ടവും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തേവാസികളുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ വേണെമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അന്തേവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, തൊഴിൽ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തണം. ജയിലുകളിൽ അന്തേവാസികളുട സുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തൽ പ്രക്രിയകൾ ഉണ്ടാകുന്ന സ്ഥലമായി ജയിലുകൾ മാറണമെന്നും ചെറിയ കുറ്റവാളിയായി ചെന്ന് വലിയ കുറ്റവാളിയായി മാറരുത് എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ജയിൽ ടൂറിസം പദ്ധതി ആലോചനയിൽ ഉണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Add Comment