Tech

പ്രോബാ-3 ഇന്ന് ബഹിരാകാശത്തേക്ക്; ഐഎസ്ആർഒയുടെ അഭിമാന ദൗത്യം

ശ്രീഹരിക്കോട്ട: ഒരു ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച പിഎസ്എൽവി-സി59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. സൗരപര്യവേഷണത്തിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആർഒ വിക്ഷേപിക്കുന്ന ദൗത്യത്തിന് പ്രോബ-3 എന്നാണ് പേര്. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി59 കുതിക്കുക.

ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെയാണ് മാറ്റിയത്. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറിൽ പ്രശ്നം കണ്ടെത്തിയത്. പ്രൊപ്പൽഷൻ സിസ്റ്റത്തിനകത്തെ ഭ്രമണപഥ നിയന്ത്രണ സംവിധാനത്തിലായിരുന്നു പ്രശ്‌നം. സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ് എന്ന് യൂറോപ്യൻ സ്പേസ് ഏജൻസി പിന്നാലെ അറിയിച്ചിരുന്നു.

ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാൻ തയ്യാറെടുക്കുകയായിരുന്നു ഐഎസ്ആർഒ. ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എൻഎസ്ഐഎൽ) യൂറോപ്യൻ സ്പേസ് ഏജൻസിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യൻറെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുക.

ഐഎസ്ആർഒയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയം പ്രോബ-3 ലോഞ്ച് ഉച്ചകഴിഞ്ഞ് മുതൽ കാണാം. പ്രോബ-3 വിക്ഷേപണത്തിൻറെ അപ്‌ഡേറ്റുകൾ ഇസ്രൊ ഒഫീഷ്യൽ എക്‌സ് (പഴയ ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്യും