Kerala

എഡിജിപിക്കും കെ.ടി ജലീലിനുമെതിതെ രൂക്ഷ വിമർശനവുമായി അൻവർ

ലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പിവി അൻവർ എംഎല്‍എ. എംആർ അജിത് കുമാറിന് കസേര മാറ്റമല്ല നല്‍കേണ്ടത്.

സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടാണ്. അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈവിടാതെ പൊതു സമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവനയോടും പിവി അൻവർ പ്രതികരിച്ചു. സ്വർണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിൻ്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അൻവർ പറഞ്ഞു. പ്രസ്താവന താൻ കേട്ടിട്ടില്ല. ജലീല്‍ അത്രക്ക് തരം താഴുമോയെന്നും അൻവർ ചോദിച്ചു. കേരളത്തില്‍ പൂരം വരെ കലക്കി ബിജെപിക്ക് വഴിയൊരുക്കുകയാണ്. നിയമസഭയില്‍ സീറ്റു മാറ്റിയതിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നിയമസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തേക്കാം. അങ്ങനെയുണ്ടായാല്‍ നിയമപരമായി നേരിടും. എല്ലാ അഭ്യാസവും നടത്തിയാണ് നില്‍ക്കുന്നത്. നിവർത്തിയില്ലാതെ വന്നാല്‍ എംഎല്‍എ സ്ഥാനം വിടുമെന്നും അൻവർ പറഞ്ഞു.

ചെന്നൈയില്‍ പോയ കാര്യം പുറത്തു വിടാനായിട്ടില്ല. രൂപീകരിക്കുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ചെന്നൈ സന്ദർശനം. പാർലമെൻ്ററി പാർട്ടിയില്‍ നിന്ന്‌ പുറത്താക്കിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പി ശശിക്കെതിരായി നല്‍കിയ പരാതി സഖാക്കളും പൊതു സമുഹവും പരിശോധിക്കട്ടെ. പശ്ചിമ ബംഗാളിലെ അസ്ഥയിലേക്കാണ് സിപിഎം പോകുന്നത്. കെട്ടിവച്ച പണം പോലും കിട്ടാത്ത സ്ഥിതിയിലേക്ക് സിപിഎം സ്ഥാനാർത്ഥികള്‍ മാറും. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പറയുന്നത് നേതാക്കളുടെ അഭിപ്രായം മാത്രമാണ്. താഴേക്കിറങ്ങട്ടെ അണികള്‍ പ്രതികരിക്കുമെന്നും പിവി അൻവർ പറഞ്ഞു.

എഡിജിപി സ്വർണം കടത്തിയതില്‍, പൂരംകലക്കിയതില്‍ കേസില്ല. ഫോണ്‍ ചോർത്തുന്നുവെന്ന് പറഞ്ഞതിന് തൻ്റെ പേരില്‍ കേസ് നടക്കട്ടെ. തനിക്കെതിരെ ഇനിയും കേസുകള്‍ വരാം. ചിലപ്പോള്‍ ഇന്നത്തെ പരിപാടികള്‍ കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. എഡിജിപി മുഖ്യമന്ത്രിയുടെ സീമന്തപുത്രനാണ്. എന്തു വില കൊടുത്തും ബിജെപിയെ ചെറുക്കുകയാണ് തമിഴ്‌നാട്ടില്‍ ഡിഎംകെയെന്നും അൻവർ കൂട്ടിച്ചേർത്തു.

സിപിഎമ്മിന് വേണ്ടി എത്ര ശത്രുക്കളെ ഞാൻ ഉണ്ടാക്കി. താൻ രക്തസാക്ഷിയായി. കണ്ണൂരിലെ ആർഎസ്‌എസ് പ്രതികളെയെല്ലാം വെറുതെ വിടുന്നു. സിപിഎം പ്രവർത്തകർ എല്ലാം മനസിലാക്കുന്നുണ്ട്. സ്വർണക്കള്ളക്കടത്തിനെക്കുറിച്ച്‌ തമിഴ്നാട്ടിലേയും കേരളത്തിലേയും ‘ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. മനസിലാക്കാത്തത് മുഖ്യമന്ത്രിക്കും ഗോവിന്ദൻ മാഷിനും മാത്രമാണ്. വന്യമൃഗ ശല്യം തടയാൻ തമിഴ്നാട് സഹായം ഉണ്ടാകും ഉറപ്പാക്കും. ബിനീഷ് കോടിയേരിക്കെതിയായ കേസ് കോടിയേരി ബാലകൃഷ്ണനെ മാനസികമായി തകർത്തു. പാർട്ടിയുടെ ഇടപെടലുകള്‍ സർക്കാരില്‍ ഇല്ലാതായി. ഗോവിന്ദൻ മാഷിന് സർക്കാരിനോട് നോ എന്നു പറയാൻ കഴിയാത്തതിൻ്റെ ദുരന്തമാണ് സിപിഎം ഇപ്പോള്‍ അനുഭവിക്കുന്നത്. നോ പറയാൻ ഒരാള്‍ക്കും ധൈര്യമില്ല. ഞാൻ സിപിഎമ്മിനെ തള്ളി പറഞ്ഞിട്ടില്ല. സഖാക്കളെ തള്ളിപറഞ്ഞിട്ടില്ല. സിപിഎം തകരണമെന്ന് ആഗ്രഹിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഈ ടേം പൂർത്തിയാക്കാനാവില്ല. മന്ത്രിസഭ തന്നെ ഉണ്ടാവില്ല. ഭരണപക്ഷത്തെ ഭൂരിഭാഗം എംഎല്‍എമാരും അസംതൃപ്തരാണെന്നും എല്‍ഡിഎഫ് ശിഥിലമാവുമെന്നും അൻവർ പറയുന്നു.

എന്തിനാണ് ഈ അടിമത്വം?. കോടീശ്വരൻമാരാണ് പല വില്ലേജ് ഓഫീസർമാരും. റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ കാര്യം പറയേണ്ടല്ലോ ?. ദേശീയപാതക്ക് സർക്കാർ ഭൂമിയില്‍ നിന്ന് ആവശ്യത്തിന് പാറപൊട്ടിക്കാൻ സർക്കാർ ഉത്തരവ് നല്‍കി. ഇന്ന് എന്തായാലും എംആർ അജിത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റും. സിഎംഒയുടെ പ്രതീക്ഷക്ക് വിരുദ്ധമായ റിപ്പോർട്ട് ആണ് ഡിജിപി നല്‍കിയിരിക്കുന്നത്. അവിടെയാണ് സർക്കാർ കുടുങ്ങിയിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.