Kerala

മുഖ്യമന്ത്രി വിദേശത്തു പോകുന്നത് ചിലത് സെറ്റിൽ ചെയ്യാൻ: വേണ്ടിവന്നാൽ തുറന്നു പറയുമെന്ന് അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാൻ വേണ്ടിയാണെന്ന് പി.വി.അൻവർ എംഎല്‍എ. വേണ്ടി വന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അൻവർ ഭീഷണി ഉയർത്തി.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു അൻവറിന്റെ പ്രതികരണം. ഡിഎംകെ ഷാള്‍ കഴുത്തില്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്.

പൊലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഗവർണറെ കണ്ടതെന്നും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഗവർണറെ അറിയിച്ചുവെന്നും അൻവർ വ്യക്തമാക്കി. എസ്‌ഐടിയില്‍ വിശ്വാസമില്ല. ഹൈക്കോടതിയില്‍ കേസ് എത്തിയാല്‍ സഹായിക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കോടതി ഗവർണറുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കും. ഗവർണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കാണാതിരുന്നതെന്നും അൻവർ പറഞ്ഞു.

പ്രത്യേക ബ്ലോക്ക് അനുവദിച്ച്‌ സ്പീക്കറുടെ കത്ത് കിട്ടിയെന്നും അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്ബൂർ എംഎല്‍എ പി.വി.അൻവറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ച്‌ സ്പീക്കർ ഉത്തരവിറക്കിയിരുന്നു. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇടയില്‍ നാലം നിരയിലാണ് പ്രത്യേക സീറ്റ് അനുവദിച്ചത്. പ്രതിപക്ഷത്തിന് ഒപ്പം ഇരിക്കാൻ താത്പര്യമില്ലെന്നും പ്രത്യേകം സീറ്റ് ലഭിച്ചില്ലെങ്കില്‍ താൻ തറയില്‍ ഇരിക്കുമെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു.